മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി: വായ്പ അനുവദിച്ചത് 1500 കോടി

കോഴിക്കോട്​: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി മുഖേന കുടുംബശ്രീ അംഗങ്ങൾക്ക് അനുവദിച്ചത് 1,500 കോടിയിലേറെ രൂപ. ഇത്​ കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്തു. രണ്ടര മാസം കൊണ്ടാണ് തുക നൽകിയത്. ലോക്ഡൗൺ മൂലം സാധാരണക്കാർക്കുണ്ടായ സാമ്പത്തികാഘാതം ലഘൂകരിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. വായ്പയുടെ ഒൻപത്​ ശതമാനം പലിശ സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. 2,15,931 അയൽകൂട്ടങ്ങളാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചത്. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് 87 ദിവസം പിന്നിടുമ്പോൾ 1,67,015 അയൽക്കൂട്ടങ്ങൾക്കായി 1,524 കോടി രൂപയുടെ വായ്പ വിതരണം നടത്തി. ആകെ 2,000 കോടി രൂപയാണ് വിതരണം ചെയ്യാനുദ്ദേശിച്ചിരുന്നത്. ലോക്ഡൗണും പിന്നീട് ഓരോ പ്രദേശത്തും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും വായ്പവിതരണത്തെ പ്രതികൂലമായി ബാധിച്ചു. പ്രളയകാലത്ത് റിസർജൻറ്​ കേരള ലോൺ സ്കീം പ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് 1,600 കോടിയിലേറെ രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തിരുന്നു. രണ്ട് വായ്പാ പദ്ധതികളിലുമായി 586 കോടി രൂപയാണ് സംസ്ഥാന സർക്കാർ പലിശ ഇനത്തിൽ ചെലവഴിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.