കാലാവധി കഴിഞ്ഞു; നവീകരണമില്ലാതെ വനം വകുപ്പ്​ ജീപ്പുകൾ കിതക്കുന്നു

Lead കാലാവധി കഴിഞ്ഞു; നവീകരണമില്ലാതെ വനംവകുപ്പ്​ ജീപ്പുകൾ കിതക്കുന്നു പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും ആവശ്യം കൊല്ലങ്കോട്: വനംവകുപ്പിന്‍റെ രണ്ട് വാഹനങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും പരിശോധന നടത്തി നവീകരിക്കാനുള്ള നടപടികൾക്ക് ഒച്ചിന്‍റെ വേഗം. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ്​, പറമ്പിക്കുളം തേക്കടി സെക്ഷൻ എന്നിവിടങ്ങളിലെ ജീപ്പുകളുടെ കാലാവധിയാണ് ജനുവരി 15 അർധരാത്രിയോടെ അവസാനിച്ചത്. കാട്ടാനകളുടെ സ്ഥിരം താവളമായ കൊല്ലങ്കോട് റേഞ്ച് പരിധിയിൽ കാട്ടുപോത്ത് ജനവാസ മേഖലയിലെത്തുന്നത്​ പതിവായിട്ടും കാലാവധി കഴിയുന്നതിന് ഒരു മാസം മുമ്പേ ടെസ്റ്റ് പണികൾ നടത്തേണ്ട വനം വകുപ്പ് അധികൃതുടെ നടപടികൾ സാവകാശത്തിലായതാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്. 15 വർഷം പൂർത്തിയാവുകയോ മൂന്ന് ലക്ഷം കിലോമീറ്റർ ഓടുകയോ ചെയ്താൽ ഔദ്യോഗിക ടെസ്റ്റ്​ നടത്തി വാഹനം നവീകരിച്ച ശേഷം വീണ്ടും ഉപയോഗിക്കാമെന്നിരിക്കെയാണ് നിർദേശിച്ചതിലും അധികം ഓടിയ വാഹനങ്ങളുടെ ടെസ്റ്റ് നടപടിക്രമങ്ങൾ വൈകുന്നത്. കൊല്ലങ്കോട് റേഞ്ച് ഓഫിസിലെ ജീപ്പ് 4.8 ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞു. സർക്കാർ നിദേശിച്ചതിലും 1.8 ലക്ഷം കിലോമീറ്റർ അധികമാണിത്. തേക്കടി സെക്ഷൻ ഓഫിസിലെ ജീപ്പ് 3.8 ലക്ഷം കിലോമീറ്റർ ഓടി. 80,000 കിലോമീറ്റർ കൂടുതലാണിത്. വേലന്താവളം മുതൽ ചെമ്മണാമ്പതി വരെയും കൊടുവായൂർ മുതൽ മീനാക്ഷിപുരം വരെയും ദീർഘ ദൂരം ഓടിയെത്തേണ്ട ജീപ്പ് എന്നും സജ്ജമായിരിക്കേണ്ടതാണെങ്കിലും ഉന്നത തലങ്ങളിൽനിന്നുള്ള നടപടിക്രമങ്ങളിലെ പാകപ്പിഴവുകളാണ് കൃത്യ സമയത്ത്​ വാഹനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും നടത്താതിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ചിറ്റൂർ വേമ്പ്രയിൽ ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിനെ പിന്തുടർന്ന് വനത്തിനകത്തേക്ക് തുരത്തുന്നതു വരെ ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പ് ഓടിയെത്തിയതും കാലാവധി അവസാനിക്കുന്ന അവസാന ദിവസത്തിലാണ്. കാലാവധി കഴിഞ്ഞും ഞായർ രാവിലെ മുതൽ ഓടിത്തുടങ്ങിയ പഴയ ജീപ്പിന്‍റെ അറ്റകുറ്റപ്പണികൾക്ക് ഇതുവരെ എത്തിച്ചിട്ടില്ല. 50,000ത്തിൽ അധികം രൂപയാണ് ഒരു ജീപ്പ് ടെസ്റ്റിന് തയാറാക്കാൻ ആവശ്യമെങ്കിലും വകുപ്പ് അനുവദിച്ചത് രണ്ട് ജീപ്പുകൾക്കുമായി 50,000 രൂപ മാത്രമാണ്. കൂടുതൽ തുക അനുവദിപ്പിക്കാനുള്ള ശ്രമം നടത്തിവരുകയാണെങ്കിലും നിർത്താതെ ഓടുകയാണ് കൊല്ലങ്കോ​ട്ടെ ജീപ്പ്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പന്നികളെ വെടിവെച്ചു കൊന്ന (72 എണ്ണം) കൊല്ലങ്കോട് സെക്ഷൻ പരിധിയിൽ കൂടുതൽ വാഹനം വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് നിലവിലുള്ള വാഹനത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടും നടപടിയില്ലാത്തതെന്ന് കർഷക സംരക്ഷണ സമിതി ചെയർമാൻ സി. വിജയൻ പറഞ്ഞു. ജീവികളുടെ ആക്രമണങ്ങൾ നിരന്തരമായി ഉണ്ടാകുന്ന കൊല്ലങ്കോട് റേഞ്ച് പരിധിയിൽ വനം വകുപ്പിന് രണ്ട് വാഹനങ്ങൾ അനുവദിക്കണമെന്നാണ് മലയോര കർഷകരുടെ ആവശ്യം. നവീകരണ കാലാവധി കഴിഞ്ഞും നിരത്തിലിറങ്ങുന്ന വാഹനങ്ങളെ കണ്ടുകെട്ടുന്നതിനു വരെ നിയമമുണ്ടെങ്കിലും വനംവകുപ്പിന്‍റെ വാഹനങ്ങൾ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. തേക്കടി മേഖലയിലെ വനംവകുപ്പ് ജീപ്പ് പരിശോധന നടപടികൾക്കായി സർക്കാർ വർക്ക്​ഷോപ്പിൽ എത്തിച്ചതായും കൊല്ലങ്കോട്ടെ ജീപ്പ് പരിശോധനക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും റേഞ്ച് ഓഫിസർ ഷെരീഫ് പറഞ്ഞു. PEW-KLGD 2022 ജനുവരി 15ന് കാലാവധി അവസാനിച്ച കൊല്ലങ്കോട് റേഞ്ച് ഓഫിസിലെ ജീപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.