പാലക്കാട്​ നഗരസഭ​: ബി.ജെ.പി അംഗത്തി​െൻറ വോട്ട് അസാധു; നാടകീയം, ബഹളമയം

പാലക്കാട്​ നഗരസഭ​: ബി.ജെ.പി അംഗത്തി​ൻെറ വോട്ട് അസാധു; നാടകീയം, ബഹളമയം കെ. പ്രിയ അജയൻ ചെയർപേഴ്​സൻ, ഇ. കൃഷ്ണദാസ്​ വൈസ് ചെയർമാൻ പാലക്കാട്: നഗരസഭയിലെ ചെയർപേഴ്‌സൻ തെരഞ്ഞെടുപ്പിൽ ബഹളം. ബി.ജെ.പി അംഗം വി. നടേശ​ൻെറ വോട്ട് അസാധുവായി. 27 വോട്ട് നേടി ബി.ജെ.പി കൗൺസിലർ കെ. പ്രിയ അജയൻ ചെയർപേഴ്‌സനായി. വൈസ് ചെയർമാനായി ചുമതലയേറ്റ ബി.ജെ.പി ജില്ല പ്രസിഡൻറ്​ ഇ. കൃഷ്ണദാസ്​ 28 വോട്ട്​ നേടി. യു.ഡി.എഫ് വിമതൻ വാർഡ് 24 കൗൺസിലർ എഫ്.ബി. ബഷീർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വെൽഫെയർ പാർട്ടി കൗൺസിലർ സുലൈമാനും യു.ഡി.എഫ് വിമതൻ ഭവദാസും യു.ഡി.എഫിന് വോട്ട് ചെയ്തു. ഓപൺ വോട്ടായതിനാൽ രഹസ്യസ്വഭാവം വേണ്ടെന്ന് വരണാധികാരി ആദ്യമേ നിർദേശിച്ചിരുന്നു. ഇത് മുഴുവൻ അംഗങ്ങളും എതിർത്ത​േതാടെ സാധാരണനിലയിൽ വോട്ടെടുപ്പാരംഭിച്ചു. ബാലറ്റിൽ ഒന്നാമത് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഉഷ രാമചന്ദ്രൻ, രണ്ടാമത് യു.ഡി.എഫി​ൻെറ ജ്യോതിമണി, മൂന്നാമത് ബി.ജെ.പിയുടെ കെ. പ്രിയ അജയൻ എന്നിങ്ങനെ ആയിരുന്നു. ഇതിനിടെ വോട്ട്​ ചെയ്യാനെത്തിയ മൂന്നാം വാർഡ് ബി.ജെ.പി കൗൺസിലർ വി. നടേശൻ ബാലറ്റ് പേപ്പറിൽ ഒന്നാമതുണ്ടായിരുന്ന എൽ.ഡി.എഫ്​ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ബാലറ്റ്​ പേപ്പർ ഉയർത്തിക്കാണിച്ച് വരണാധികാരിയുടെ മേശയിൽ വൈക്കുന്നതിനിടെ മുൻ ചെയർപേഴ്‌സൻ പ്രമീള ശശിധരൻ തെറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന്​ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. എന്നാല്‍, ഇത് വലിയ ബഹളത്തിനിടയാക്കി. ഇതോടെ തെരഞ്ഞെടുപ്പ് ഒരുമണിക്കൂർ വൈകി. യു.ഡി.എഫും എല്‍ഡി.എഫും എതിര്‍പ്പുമായി രംഗത്തുവന്നു. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബി.ജെ.പിയും ആവര്‍ത്തിച്ചു. എന്നാല്‍, ബാലറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്ന്​ യു.ഡി.എഫും എല്‍.ഡി.എഫും നിലപാട് കടുപ്പിച്ചു. ബാലറ്റ് തിരിച്ചുനല്‍കിയില്ലെങ്കില്‍ നടപടി നേരിടുമെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടേശ​ൻെറ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു. തുടർന്ന്​ വോട്ടെണ്ണിയപ്പോൾ ബി.ജെ.പിയുടെ കെ. പ്രിയ അജയൻ 27ഉം യു.ഡി.എഫിന് 16ഉം എൽ.ഡി.എഫിന് ഏഴും​ വോട്ട് ലഭിച്ചു. ഉച്ചതിരിഞ്ഞ്​ വൈസ്​ ചെയർമാൻ സ്ഥാനത്തേക്ക്​ നടന്ന വോ​െട്ടടുപ്പിൽ ബി.ജെ.പി 28ഉം യു.ഡി.എഫിന്​ 16ഉം എൽ.ഡി.എഫ്​ ഏഴും വോട്ടുകൾ നേടുകയായിരുന്നു. ------------------------------- അധ്യക്ഷയായത്​ അവസാന മണിക്കൂറുകളിൽ പാലക്കാട്: ബി.ജെ.പിക്ക്​ ഭരണത്തുടർച്ച കിട്ടിയ പാലക്കാട് നഗരസഭയിൽ തർക്കം രൂക്ഷമായതോടെ അധ്യക്ഷസ്ഥാനത്തേക്ക്​ ആളെത്തിയത്​ അവസാനമണിക്കൂറുകളിൽ. തീരുമാനത്തിനായി ബി.ജെ.പി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് ന‌ടന്നു. അധ്യക്ഷസ്ഥാനത്തേക്ക് ടി. ബേബിക്കും ഉപാധ്യക്ഷസ്ഥാനത്തേക്ക് ശോഭ സുരേന്ദ്ര​ൻ പക്ഷത്തുള്ള സ്മിതേഷിനും കൂടുതൽ വോട്ട് കിട്ടി. തർക്കവും അവകാശവാദവും തുടർന്നതോടെ ഒടുവിൽ മുതിർന്നനേതാക്കൾ ഇടപെട്ട് കെ. പ്രിയയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയായിരുന്നു. ഒരുവിഭാഗം എതിർത്തതോടെയാണ് സമവായ സ്ഥാനാർഥികളായി അധ്യക്ഷസ്ഥാനത്തേക്ക് പ്രിയയുടെയും ഉപാധ്യക്ഷസ്ഥാനത്തേക്ക് ഇ. കൃഷ്​ണകുമാറി​ൻെറയും പേരുകൾ നേതൃത്വം നിർദേശിച്ചത്. -------------------- ജാതിതിരിച്ച്​ സ്ഥാനംപറഞ്ഞ പോസ്​റ്റ്​്​ മുക്കി നഗരസഭാംഗം പാലക്കാട്​: നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരുടെ ജാതിയടക്കം വിവരങ്ങളുമായി അഭിവാദ്യംചെയ്​ത്​ സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ട ബി.ജെ.പി അംഗം നടപടി വിവാദമായതോടെ പോസ്​റ്റ്​ മുക്കി. നഗരസഭ കൗൺസിലറും ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്‌ണകുമാറി​ൻെറ ഭാര്യയുമായ മിനിയാണ്‌ ഫേസ്‌ബുക്കിൽ ജാതിപറഞ്ഞ്‌‌ പോസ്‌റ്റിട്ടത്. 'പാലക്കാട്‌ മുനിസിപ്പൽ വൈസ്‌ ചെയർമാനായി ഇ. കൃഷ്‌ണദാസ്‌ (നായർ സമുദായം) ചെയർപേഴ്‌സനായി പ്രിയ അജയൻ (മൂത്താൻ സമുദായം) എന്നിവർക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു'വെന്നാണ്‌ പോസ്‌റ്റ്‌. ഫലം വന്നതുമുതൽക്ക്​ തന്നെ നഗരസഭയിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. മുൻ ചെയർപേഴ്‌സൻ പ്രമീള ശശിധര​െന ആദ്യഘട്ടത്തിൽത​ന്നെ വെട്ടി. തുടർന്ന്​ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്ന മിനി കൃഷ്​ണകുമാറിനെ പ്രിയ അജയൻ എന്ന പുതുമുഖത്തെ ഇറക്കിവെട്ടുകയായിരുന്നു. ചിത്രം: P3 PKD Bin01 പാലക്കാട്​ നഗരസഭ ചെയർപേഴ്​സൻ കെ. പ്രിയ അജയൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.