ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ റഫർ ചെയ്ത കിഴിശ്ശേരി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമുള്ള സംഘവും ആശുപത്രി സൂപ്രണ്ട് കെ.വി. നന്ദകുമാറി​ൻെറ നിർദേശ പ്രകാരം ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാൽ, ഡോ. അഫ്സൽ, നഴ്സിങ് ഓഫിസർ പി. നളിനി എന്നിവരടങ്ങുന്ന സംഘവുമാണ്​ ആദ്യഘട്ട അന്വേഷണം നടത്തിയത്​. ഗൈനക്ക്​ വിഭാഗം അസി. പ്രഫ. ഡോ. യു. രഹ്​ന, സീനിയർ റസിഡൻറുമാരായ ഡോ. കെ.ആർ. ദീപ്തി, ഡോ. നിഷാന എന്നിവർ ഉൾപ്പെടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 21 ജീവനക്കാരിൽ നിന്ന് സംഘം മൊഴിയെടുത്തു. ബന്ധുക്കളുടെ മൊഴി എടുത്തിട്ടില്ല. കോഴിക്കോട് കോട്ടപറമ്പ് ഗവ. ആശുപത്രിയിലേക്ക് ബന്ധുക്കളുടെ താൽപര്യപ്രകാരമാണ് റഫർ ചെയ്തതെന്നും യുവതിക്ക് ആ സമയം പ്രസവലക്ഷണം ഇല്ലെന്നുമാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന്​ മൊഴി നൽകിയത്. ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. എൻ.സി. ഷെരീഫ് -ഷഹ്​ല തസ്നി ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങൾക്കാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവൻ നഷ്​ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.