'നിലാവ്​' പദ്ധതി മു​ഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും

എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതാണ്​ പദ്ധതി പെരിന്തൽമണ്ണ: പരമ്പരാഗത തെരുവ്​ വിളക്കുകൾ സ്ഥാപിച്ചും അറ്റകുറ്റപ്പണി നടത്തിയും തദ്ദേശ സ്ഥാപനങ്ങളിൽ വൈദ്യുതി നിരക്കിലടക്കം വൻതോതിൽ പണം ചോരുന്ന പരിപാടിക്ക് അറുതി വരുത്താൻ സർക്കാർ. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന 'നിലാവ്' പദ്ധതിക്ക് സർക്കാർ അനുമതി നൽകി. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ വർഷത്തിൽ 500 തെരുവ്​ വിളക്കുകൾ മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. കൂടുതൽ കാലത്തെ ഗാരൻറി, അറ്റകുറ്റപ്പണി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ്​ തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി മേൽനോട്ടം വഹിക്കും. വെബ് അധിഷ്ഠിത മോണിറ്ററിങ്ങിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കാനും കഴിയും. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡിനെയാണ്​ (ഇ.ഇ.എസ്.എൽ) കൺസൽട്ടൻറായി കെ.എസ്.ഇ.ബി തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കുമാണ് ഏകോപന ചുമതല. തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ്​ വിളക്കുകളുടെ എണ്ണം കെ.എസ്.ഇ.ബിയെ അറിയിക്കണം. ഈ വർഷം പദ്ധതിയിൽ മാറ്റം വരുത്തി ആഗസ്​റ്റ്​ 20ന് മുമ്പ് ഉൾപ്പെടുത്താം. ആവശ്യമായ ഫണ്ട് കെ.എസ്.ഇ.ബിയിൽ നിക്ഷേപിക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിൽ വ്യക്തമാക്കി. ഏഴ്​ വർഷത്തെ വാറണ്ടിയുണ്ടാവും. തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വെക്കണം. ആവശ്യമായ എൽ.ഇ.ഡി ബൾബുകൾക്ക് കെ.എസ്.ഇ.ബിക്ക് വേണ്ടി കൺസൽട്ടൻസിയാണ്​ ടെൻഡർ ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.