ലോക്ഡൗൺ ലംഘനം: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിക്കെതിരെ അന്വേഷണത്തിന് മൂന്നംഗ സമിതി

ഗുരുവായൂര്‍: ലോക്ഡൗൺ കാലത്ത് സർക്കാർ നിർദേശപ്രകാരം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിബന്ധനകൾ ലംഘിച്ചുവെന്ന ആരോപണത്തിൽ കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിക്കെതിരെ അന്വേഷണത്തിന്​ ദേവസ്വം ഭരണ സമിതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഏപ്രിൽ എട്ടുമുതൽ 12 വരെ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ചു, ഉച്ചപൂജ നിവേദ്യത്തിന് താമസം വരുത്തി, സോപാനത്തിൽ വിളക്ക് വെക്കൽ നടത്തി, ഉച്ചപൂജക്ക് താമസം വരുത്തി എന്നീ ആരോപണങ്ങളാണ്​ അന്വേഷിക്കുക. അഡ്വ. ടി.ആർ. ശിവൻ അധ്യക്ഷനായ സമിതിയിൽ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കർ, ക്ഷേത്രം മുൻ മാനേജർ ആർ. പരമേശ്വരൻ എന്നിവർ അംഗങ്ങളാണ്​. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 13 മുതൽ രാമൻ നമ്പൂതിരിയെ പ്രവൃത്തികളിൽനിന്ന് മാറ്റിയിരുന്നു. അച്ചടക്കനടപടികൾ നിലനിർത്തി തന്നെ ഇയാളെ കീഴ്ശാന്തി പ്രവൃത്തിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഭരണ സമിതി തീരുമാനിച്ചു. ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ. അജിത്, ഇ.പി.ആർ. വേശാല, കെ.വി. ഷാജി, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.