സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യുന്നില്ലെന്ന്​ വിദ്യാഭ്യാസ വകുപ്പ്​

* ഒഴിവുകൾ രണ്ടു ദിവസത്തിനകം പി.എസ്​.സിയെ അറിയിക്കാൻ നിർദേശം തൃശൂർ: സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്​. പി.എസ്​.സി മുഖേന നിയമനം നടത്തേണ്ട ഒഴിവുകൾ മുൻകൂട്ടി കണ്ടെത്തി അറിയിക്കണമെന്ന നിർദേശം ജില്ല വിദ്യാഭ്യാസ ഓഫിസർമാർ പാലിക്കുന്നില്ലെന്നാണ്​ വകുപ്പി​ൻെറ കുറ്റപ്പെടുത്തൽ. 2019-20 അധ്യയന വർഷത്തിലെ മുഴുവൻ ഒഴിവുകളും റിപ്പോർട്ട്​ ചെയ്​തില്ലെന്നാണ്​ കണ്ടെത്തൽ. തസ്​തികകൾ നിർണയത്തിലൂടെ കുറഞ്ഞേക്കുമെന്ന ആശങ്കയാണ്​ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യാത്തതിന്​ പിന്നിലെന്നും കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ്​ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിരമിക്കൽ, രാജി, മരണം, ഉദ്യോഗക്കയറ്റം, ദീർഘകാല അവധി അടക്കം നിയമാനുസൃതം പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യേണ്ട മുഴുവൻ ഒഴിവുകളും അറിയിക്കാനാണ്​ നിർദേശം. അധ്യാപക റാങ്ക്​ പട്ടികയിൽ പലതും അടുത്ത ദിവസങ്ങളിൽ കാലഹരണപ്പെടുന്ന സാഹചര്യത്തിൽ അവസരം നഷ്​ടപ്പെടുന്നത്​ ഒഴിവാക്കാൻ ഒഴിവുകൾ രണ്ടു ദിവസത്തിനകം പി.എസ്​.സിക്ക്​ നൽകണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വകുപ്പിനെ അറിയിക്കണമെന്നും നിയമന ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്​കൂൾ തുറന്ന​ ശേഷം നൽകിയാൽ മതിയെന്നും ഉത്തരവിലുണ്ട്​. എന്നാൽ, ഒരു വർഷമായി നിലവിലുള്ള ഒഴിവുകൾ റാങ്ക്​ പട്ടിക കാലഹരണപ്പെടാൻ​ ദിവസങ്ങൾ ബാക്കിയിരിക്കെ റിപ്പോർട്ട്​ ചെയ്യാൻ ആവശ്യപ്പെടുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യുകയാണ് ഉദ്യോഗാർഥികൾ. നിയമനം നടക്കാത്തതിനെതിരായ​ പ്രതിഷേധം തണുപ്പിക്കുകയാണ്​ ഇതിലൂടെ സർക്കാർ ചെയ്യുന്നതെന്നാണ്​ ആരോപണം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.