ആഗോളതലത്തിൽ മിന്നുമ്പോഴും ആഭ്യന്തര വിപണിയിൽ ചൈനീസ് ഇവി ബ്രാൻഡുകൾക്ക് തിരിച്ചടി: കാരണമിത്

ഇലക്ട്രിക് വാഹന രംഗത്ത് ചൈന ഇന്ന് ഒരു വൻ ആഗോള ശക്തിയായി ഉയർന്നുവന്നിരിക്കുകയാണ്. മുൻനിര ബ്രാൻഡുകളെ വെല്ലുവിളിച്ചുകൊണ്ട്, അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിച്ചും വിദേശ വിപണികളിലേക്ക് വേഗത്തിൽ വ്യാപിച്ചുമാണ് ചൈനീസ് വാഹന നിർമാതാക്കൾ മുന്നേറുന്നത്. യൂറോപ്പ് മുതൽ ലാറ്റിൻ അമേരിക്ക വരെയുള്ള വിപണികളിൽ ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് വലിയ ജനപ്രീതി ലഭിക്കുന്നുണ്ട്.

എന്നാൽ, ഈ ആഗോള വിജയത്തിന് പിന്നിൽ അവരുടെ സ്വന്തം നാട്ടിൽ വലിയൊരു പ്രതിസന്ധി പുകയുന്നുണ്ട്. നിർമാതാക്കളുടെ അമിതമായ വർധനവ്, അമിത ഉൽപ്പാദന ശേഷി, അതിരൂക്ഷമായ വിപണി മത്സരം എന്നിവ കാരണം ചൈനയുടെ കാർ വ്യവസായം പ്രതിസന്ധിയിലാണ്. ലാഭം കുത്തനെ ഇടിയുമ്പോഴും ഉപഭോക്താക്കളെ ആകർഷിക്കാൻ വിലക്കിഴിവുകളുടെ പടപ്പുറപ്പാടിലാണ് കമ്പനികൾ. ഈ വൈരുധ്യം അവഗണിക്കാൻ കഴിയാത്തവിധം പ്രകടമായിക്കൊണ്ടിരിക്കുന്നു

ഒരുകാലത്ത് ഉൽപ്പാദനം വർധിപ്പിക്കാൻ മത്സരിച്ച കമ്പനികൾ, ഇന്ന് തങ്ങളുടെ ഫാക്ടറികൾ തടസമില്ലാതെ പ്രവർത്തിപ്പിച്ചു കൊണ്ടുപോകാൻ ആവശ്യത്തിന് വാഹനങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്. സാങ്കേതികവിദ്യയുടെയോ നിർമാണ ശേഷിയുടെയോ കുറവല്ല ഇതിന് കാരണം. ലോകത്തിലെ ഏറ്റവും ആധുനിക ഇവി നിർമാതാക്കളും ബാറ്ററി കമ്പനികളും ചൈനയിലുണ്ട്. ആഭ്യന്തര വിപണിയിലെ ആവശ്യകതയേക്കാൾ അതിവേഗത്തിലാണ് ഈ മേഖല വളർന്നത് എന്നതാണ് യഥാർഥ വെല്ലുവിളി.

ചൈനയിലെ ഇവി നിർമാതാക്കൾ നേരിടുന്ന അമിത മത്സരം

വർഷങ്ങളായി, ചൈനീസ് സർക്കാറിന്‍റെ ശക്തമായ പിന്തുണയും നിക്ഷേപങ്ങളും വർധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയുമാണ് ഇലക്ട്രിക് വാഹന വ്യവസായത്തിന് കരുത്തായത്. വ്യവസായ കേന്ദ്രങ്ങൾ സൃഷ്ടിക്കാനും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക സർക്കാരുകൾ നിർമാതാക്കളെ പിന്തുണച്ചു. ഈ തന്ത്രം ചൈനയ്ക്ക് ശക്തമായ ഒരു ഇവി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായകരമായി. ഷവോമി, ഗീലി തുടങ്ങിയ കമ്പനികൾ ആഗോള വാഹന വ്യവസായത്തിലെ പ്രമുഖ പേരുകളായി മാറി.

എന്നാൽ, ഇവി വിപണിയിലേക്ക് വരാൻ കമ്പനികൾ കാണിച്ച തിടുക്കം നിർമാതാക്കളുടെ എണ്ണത്തിൽ വൻ വർധനവിന് കാരണമായി. ആവശ്യകത തുടർന്നും വളരുമെന്ന പ്രതീക്ഷയിൽ പല കമ്പനികളും ഫാക്ടറികളിലും ഉൽപ്പാദന സൗകര്യങ്ങളിലും വൻതോതിൽ നിക്ഷേപം നടത്തി. എന്നാൽ ആ പ്രതീക്ഷകളാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.

ഒരേ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിരവധി നിർമാതാക്കൾ രംഗത്തിറങ്ങിയതോടെ മത്സരം കടുത്തു. വാങ്ങുന്നവരെ ആകർഷിക്കാൻ കമ്പനികൾ കൂടുതൽ വിലക്കിഴിവുകളെ ആശ്രയിക്കാൻ തുടങ്ങി.  കമ്പനികളുടെ ലാഭവിഹിതത്തെ ദോഷകരമായി ബാധിച്ചു. ഫലത്തിൽ, ഉൽപ്പാദന ശേഷിയും യഥാർഥ ആവശ്യകതയും തമ്മിൽ ഒത്തുപോകാത്ത ഒരു അവസ്ഥയിലേക്ക് ഈ വ്യവസായം എത്തിച്ചേർന്നു. ചൈനയിലെ ഓട്ടോമൊബൈൽ വിപണി സങ്കീർണമായ ഒരു കൂട്ടം വെല്ലുവിളികളെയാണ് നേരിടുന്നത്. ആദ്യമായി, പരിമിതമായ ഉപഭോക്താക്കൾക്കായി അനേകം നിർമാതാക്കളാണ് മത്സരരംഗത്തുള്ളത്. നിരവധി ഇവി ബ്രാൻഡുകളുടെ വരവ് കടുത്ത മത്സരത്തിന് വഴിവെക്കുകയും ചെറിയ കമ്പനികൾക്ക് നിലനിൽപ്പ് പ്രയാസകരമാക്കുകയും ചെയ്തു.

രണ്ടാമതായി, ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിൽ വ്യവസായം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വിൽപ്പന വേഗത്തിൽ വളരുമ്പോൾ ഫാക്ടറികൾ നിർമിക്കുന്നത് യുക്തിസഹമായിരുന്നു. എന്നാൽ ആവശ്യകത മന്ദഗതിയിലാകുമ്പോൾ, ഈ ഫാക്ടറികൾ നിർമാതാക്കൾക്ക് വലിയ ബാധ്യതയായി മാറുന്നു. ഇവ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും.

മൂന്നാമതായി, അഗ്രസീവായ വിലക്കുറവ് ലാഭക്ഷമത കൈവരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. സാങ്കേതികവിദ്യയിലും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം തുടരുമ്പോൾ തന്നെ, കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ നൽകാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.

വിപണിയിലെ തങ്ങളുടെ പങ്ക് നിലനിർത്താൻ കമ്പനികൾ വില കുറയ്ക്കുന്നു, എന്നാൽ കുറഞ്ഞ വില ലാഭം ഇല്ലാതാക്കുന്നു. തുടർന്ന് ലാഭ നഷ്ടം നികത്താൻ കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കേണ്ടി വരുന്നു, ഇത് ഉൽപ്പാദനം വീണ്ടും കൂട്ടാനുള്ള സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. സാമ്പത്തിക ഭദ്രതയോ പ്രത്യേക ഉൽപ്പന്ന മേന്മയോ ഇല്ലാത്ത നിർമ്മാതാക്കൾക്ക് ഈ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണ്.

വളർച്ചയ്ക്കായി വിദേശ വിപണികളെ നോക്കി ചൈനീസ് കമ്പനികൾ

ആഭ്യന്തര വിപണിയിൽ മത്സരം കടുത്തതോടെ വിദേശ വിപണികൾ ഒരു വലിയ വളർച്ചാ അവസരമായി ഉയർന്നുവരുന്നു. ചൈനീസ് നിർമാതാക്കൾ യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ്. ആകർഷകമായ വില, സാങ്കേതികവിദ്യ, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ എന്നിവ പരമ്പരാഗത വാഹന നിർമാതാക്കൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. വലിയ തോതിലുള്ള ഉൽപ്പാദന ശേഷിയും അത്യാധുനിക സാങ്കേതികവിദ്യയും കുറഞ്ഞ വിലയിൽ നൽകാൻ കഴിയുന്ന ചൈനീസ് കമ്പനികളിൽ നിന്ന് പ്രത്യേകിച്ച് യൂറോപ്യൻ നിർമാതാക്കൾ കടുത്ത മത്സരം നേരിടുന്നുണ്ട്.

ചൈനീസ് ബ്രാൻഡുകളുടെ സാന്നിധ്യം വർധിക്കുന്നത് പരമ്പരാഗത വാഹന നിർമാതാക്കളെ തങ്ങളുടെ വിലനിർണയം, ഉൽപ്പന്ന തന്ത്രങ്ങൾ, നിക്ഷേപങ്ങൾ എന്നിവ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കുന്നു. എന്നാൽ കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒരു ശാശ്വത പരിഹാരമാകണമെന്നില്ല. വിദേശ വിപണികൾക്ക് അവരുടേതായ നിയന്ത്രണങ്ങളും വ്യാപാര തടസങ്ങളും ശക്തരായ പ്രാദേശിക എതിരാളികളുമുണ്ട്. കൂടാതെ, ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും വിതരണ ശൃംഖലകളും ആഫ്റ്റർ സെയിൽസ് സർവിസ് സൗകര്യങ്ങളും കെട്ടിപ്പടുക്കാനും നിർമാതാക്കൾക്ക് സമയം ആവശ്യമാണ്.

Tags:    
News Summary - crisis in chinese EV brands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.