1.12 കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താനുള്ള ശ്രമം ആവര്‍ത്തിക്കുന്നു. കസ്റ്റംസ് പരിശോധനക്കു ശേഷം വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനുള്‍പ്പെടെ മൂന്നുപേരെ 1.12 കിലോഗ്രാം സ്വർണ മിശ്രിതവുമായി കരിപ്പൂര്‍ പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വർണം കടത്താന്‍ ശ്രമം നടന്നത്.

വെള്ളിയാഴ്ച രാത്രി 11.30ന് ദുബൈയില്‍നിന്നെത്തിയ യാത്രക്കാരന്‍ താനൂര്‍ പെരിങ്ങല്ലൂര്‍ സ്വദേശി ഒരിപ്പക്കുത്ത് സാദിഖ് (37) ആണ് ശരീരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ നടന്ന കസ്റ്റംസ് പരിശോധനയില്‍ കള്ളക്കടത്ത് കണ്ടെത്താനായില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാളെയും സഹായികളെയും പ്രത്യേക നിരീക്ഷണ ചുമതലയുള്ള കരിപ്പൂര്‍ പൊലീസ് സേനാംഗങ്ങള്‍ വലയിലാക്കുകയായിരുന്നു.

സാദിഖിനെ കൊണ്ടുപോകാനെത്തിയ താമരശ്ശേരി എകലൂര്‍ സ്വദേശി ചിറക്കല്‍ ഷംസീര്‍ (34), കോഴിക്കോട് കുന്ദമംഗലം സ്വദേശി മലക്കുഴിയില്‍ ആഷിഖ് (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സാദിഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സ്റേ പരിശോധനയിലാണ് ശരീരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.

മൂന്നംഗ സംഘത്തെ കസ്റ്റംസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി 21ന് പൊലീസ് സഹായ കേന്ദ്രം അന്താരാഷ്ട്ര ടെര്‍മിനലിന് മുന്നില്‍ ആരംഭിച്ച ശേഷം പൊലീസ് സംഘം പിടികൂടുന്ന മൂന്നാമത്തെ കള്ളക്കടത്ത് സംഘമാണിത്.

Tags:    
News Summary - Two arrested in gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.