തിരൂർ ജില്ല ആശുപത്രിയിൽ കാൻസർ ബ്ലോക്ക് ഉടൻ സജ്ജമാവും

തിരൂർ: ആഗസ്റ്റ് പകുതിയോടെ തിരൂർ ജില്ല ആശുപത്രിയിൽ കാൻസർ ബ്ലോക്ക് സജ്ജമാകും. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിന്‍റെ തുടർപ്രവർത്തനമായി ആരോഗ്യ വകുപ്പിലെ ജോയന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍റെയും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജുവിന്‍റെയും നേതൃത്വത്തിൽ ബുധനാഴ്ച തിരൂർ ജില്ല ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നിലവിൽ ജില്ല ആശുപത്രിയിൽ അർബുദ ചികിത്സ നടക്കുന്നുണ്ടെങ്കിലും അത്യാധുനിക ഉപകരണങ്ങളോട് കൂടിയുള്ള ചികിത്സ ലഭ്യമല്ല.

നിർമാണത്തിലിരിക്കുന്ന ഒമ്പത് നില കെട്ടിടത്തിൽ മൂന്ന് നിലകളിൽ അർബുദ ചികിത്സകളും ബാക്കി നിലകളിൽ ഡെന്‍റൽ ഡിപ്പാർട്മെന്‍റ്, ഫിസിയോതെറപ്പി തുടങ്ങിയവയും ഒരുക്കും. തിരൂർ ജില്ല ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനായി 158 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ കത്തിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ പ്രവർത്തനസജ്ജമാക്കിയിട്ടില്ല.

കരാറുകാരൻ പ്രവൃത്തി പൂർത്തിയാക്കാത്തനിനാൽ കലക്ടർ ഇടപെട്ട് വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നത് തടയാനും തീരുമാനമായിട്ടുണ്ട്. മൂന്നര കോടി രൂപ ചെലവിൽ ശുചീകരണ പ്ലാന്‍റ് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കും.

നിലവിലെ ഡി.പി.ആറിൽ മാറ്റം വരുത്തി ശാശ്വത പരിഹാരം ഉണ്ടാകാൻ അടുത്തയാഴ്ചയിൽ യോഗം ചേർന്ന് നിർദേശങ്ങൾ ആരോഗ്യ മന്ത്രിക്ക് കൈമാറും. ഡി.എം.ഒ ഡോ. രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ് മയ്യേരി, ജില്ല പഞ്ചായത്തംഗം വി.കെ.എം. ശാഫി തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Tirur District Hospital cancer block will be ready soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.