ബ്ലൂ ഫ്ലാഗ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂട്ടായി ബീച്ചിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നു
തിരൂർ: ജില്ലയുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിച്ച് ലോക നിലവാരത്തിലേക്ക് ജില്ലയിലെ ഒരു ബീച്ചിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ ഫ്ലാഗ് പ്രോജക്റ്റ് സാധ്യത വിലയിരുത്തുന്നതിനായി ജില്ല വികസന കമീഷണറും പെരിന്തൽമണ്ണ സബ് കലക്ടറുമായ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായി ബീച്ച് സന്ദർശിച്ചു.
ഇന്ത്യയിൽ 11 ബീച്ചുകൾക്കാണ് ഇതുവരെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. നിലവിൽ ഇതിൽ കേരളത്തിൽനിന്ന് കാപ്പാട് ബീച്ച് മാത്രമാണുള്ളത്. എം.പിമാരുടെ ഒരു ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സാഗി പദ്ധതിയുടെ ഭാഗമായി മംഗലം പഞ്ചായത്ത് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കൂട്ടായി ബീച്ചിനെ ബ്ലൂ ഫ്ലാഗ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പായാൽ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് ബീച്ചിലേക്ക് ഉണ്ടാകും.
ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി സന്ദർശനത്തിന് എത്തുന്നവർക്ക് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ അവസരം ഒരുക്കും. മംഗലം പഞ്ചായത്തിലെ കൂട്ടായി കശ്മീർ ബീച്ചിൽ നടപ്പിലാക്കിയ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി ആളുകളാണ് ബീച്ച് സന്ദർശനത്തിന് എത്തുന്നത്. ഈ പ്രദേശം തന്നെയാണ് ബ്ലൂ ഫ്ലാഗ് പദ്ധതിയിൽ ഒന്നാംഘട്ട വികസനം നടപ്പിലാക്കുന്നത്.
സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇവിടെയാണ് സന്ദർശനത്തിനായി എത്തിയത്. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ജല പരിശോധന അടുത്തയാഴ്ച തുടങ്ങും. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി, ഡി.ടി.പി.സി സെക്രട്ടറി വിപിൻ, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക്, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ ആതിര, മംഗലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ്, ജനപ്രതിനിധികളായ ടി.പി. ഇബ്രാഹിംകുട്ടി, ഷബീബ്, ഇസ്മായിൽ പട്ടത്ത്, ശിഹാബ് എന്നിവരും കലക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.
എന്താണ് ബ്ലൂ ഫ്ലാഗ് ബീച്ച്
മാലിന്യങ്ങൾ ഇല്ലാത്തതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരമായ കടൽതീരം എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് ബീച്ച്. യൂറോപ്പിലെ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ (എഫ്.എഫ്.ഇ) ആണ് ഈ അംഗീകാരം നൽകുന്നത്. ഇത് ലഭിക്കുന്ന കടൽ തീരങ്ങൾ മാലിന്യം ഇല്ലാത്ത ശുദ്ധമായ വെള്ളം, സുരക്ഷിതമായ സാഹചര്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.