മഴ ശക്തമായതോടെ ഒറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപ്

മഴ ശക്തം; ഒറ്റപ്പെട്ട് തുറുവാണം ദ്വീപ്

മാറഞ്ചേരി: മഴ ശക്തമായതോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപ് ഒറ്റപ്പെട്ടു. കാലവര്‍ഷം കനത്തതോടെ ദ്വീപിന് ചുറ്റുമുള്ള കോള്‍പാടങ്ങളില്‍ നിന്ന് റോഡിലേക്ക് വെള്ളം ഇരച്ചുകയറുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പാലം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങിയതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം വഴിമുട്ടിയത്.

കാലവര്‍ഷമെത്തിയാല്‍ ഭീതി വിതയ്ക്കുന്ന ചുഴിയും വെള്ളത്തിന്റെ കുത്തൊഴുക്കും കടന്നുവേണം തുറുവാണം ദ്വീപുകാര്‍ക്ക് പുറംലോകത്തെത്താന്‍. പതിറ്റാണ്ടുകളായി വിവിധ പാർട്ടികളിലുള്ളവര്‍ മാറി മാറി അധികാരത്തിലെത്തിയെങ്കിലും ഇവരുടെ ദുര്‍ഗതിക്ക് മാത്രം മാറ്റമില്ല. മഴ കനക്കുമ്പോള്‍ ബോട്ടിലാണ് ദ്വീപുകാര്‍ ഇക്കരെയെത്തിയിരുന്നത്.

എന്നാല്‍, ഈ വർഷം അതും സാധ്യമല്ല. ലക്ഷങ്ങള്‍ മുടക്കി റോഡ് ഉയര്‍ത്തിയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചു. ദ്വീപിനെയും വടമുക്കിനെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. മഴക്കാലമായാൽ വെള്ളം കെട്ടിനിന്ന് യാത്ര ദുസ്സഹമാവുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ കടത്ത് തോണിയെ ആശ്രയിക്കേണ്ടിവരുന്നത്‌ പതിവാണ്.

37 വർഷമായി താൽക്കാലിക ബണ്ട് കെട്ടിയായിരുന്നു യാത്ര. മഴക്കാലത്ത് ബണ്ട് പൊട്ടുന്നത് പതിവായതോടെ മുൻ എം.എൽ.എ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽനിന്നു രണ്ടു സൈഡും കല്ലിട്ട് കെട്ടി റോഡാക്കി മാറ്റാൻ 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, കായലിലെ അടിത്തട്ടിലെ പൂതച്ചേറുമൂലം നിർമാണം പൂർത്തീകരിക്കുന്നതിനുമുമ്പ് മണ്ണ് താഴ്ന്ന് ബണ്ട് തകരുകയും യാത്ര ദുസ്സഹമാവുകയും ചെയ്തു.

Tags:    
News Summary - The rain is heavy; The isolated Thuravanam island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.