നാടുകാണി ചുരം പാതയിൽ മറിഞ്ഞ ലോറി
നിലമ്പൂർ: 2019 ലെ പ്രളയത്തിൽ നാടുകാണി ചുരം പാത തകർന്ന ഭാഗത്ത് തടിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് നിലമ്പൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി ജാറത്തിന് സമീപം മറിഞ്ഞത്. ജീവനക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 20 ദിവസത്തിനുള്ളിൽ ഈ ഭാഗത്ത് മൂന്നാമത്തെ ലോറിയാണ് കുഴിയിൽ വീണ് മറിയുന്നത്.
ബൈക്കുകൾ നിയന്ത്രണം വിട്ട് മറിഞ്ഞും അപകടങ്ങളുണ്ടാവുന്നുണ്ട്. റോഡിന് മധ്യത്തിലെ വലിയ കുഴിയാണ് അപകടങ്ങൾക്ക് കാരണമാവുന്നത്. റോഡ് പാടെ തകർന്ന് നാല് വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ഇവിടെ 58 മീറ്റർ നീളത്തിലാണ് റോഡ് താഴ്ന്ന് തകർന്നത്.
കേന്ദ്ര വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് സംസ്ഥാന സർക്കാരിന് വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 30 ലക്ഷം രൂപയാണ് പഠനത്തിന് മാത്രമായി അനുവദിച്ചത്. പൊതുമരാമത്ത് റോഡ് വിഭാഗവും തകർന്ന ഭാഗം നന്നാക്കാൻ മൂന്ന് കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തള്ളി.
ചുരം പാതയിൽ തകർന്ന ഭാഗം
നാടുകാണി -പരപ്പനങ്ങാടി പാതയുടെ രണ്ടാംഘട്ട റീച്ചിൽ ഉൾപ്പെടുത്തി ഫണ്ടനുവദിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകി. ഇതുപ്രകാരം അതിർത്തി മുതൽ മഞ്ചേരി ജസീല ജങ്ഷൻ വരെയുള്ള രണ്ടാംഘട്ട നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന് 190 ഓളം കോടിയുടെ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ചെങ്കിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഫണ്ടിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാണിച്ച് ഈ പ്രൊപ്പോസലും തള്ളി.
അതിർത്തിക്ക് ഒന്നര കിലോമീറ്റർ ഇപ്പുറത്ത് ജാറത്തിന് സമീപം തകർന്ന റോഡ് ഭാഗം വലിയ കരിങ്കല്ല് പതിച്ചാണ് താൽക്കാലികമായി നന്നാക്കിയത്. വർഷങ്ങൾ കഴിഞ്ഞതോടെ ക്വാറി വേസ്റ്റ് നീങ്ങി കരിങ്കല്ല് പൊന്തി ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. തകർന്ന ഭാഗത്തൂടെ പോകാൻ സമയമെടുക്കുന്നതിനാൽ ഗതാഗത തടസ്സവുമുണ്ടാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.