മുൻ ഇന്ത്യൻ ഗോൾകീപ്പറും കോച്ചുമായ വിക്ടർ മഞ്ഞിലയിൽനിന്ന് ഷാഹിദ് ട്രോഫികൾ ഏറ്റുവാങ്ങുുന്നു
പൂക്കോട്ടുംപാടം: ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് നീന്തിക്കയറി അമരമ്പലം തരിശ് സ്വദേശി പി. ഷാഹിദ് അലിക്ക് ഇരട്ട സ്വർണനേട്ടം. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറൻറ്ലി ഏബിൾഡ് ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് സംസ്ഥാന പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലാണ് ഷാഹിദ് അലി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
മേയ് 20ന് തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ അക്വാട്ടിക് കോംപ്ലക്സിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീ സ്റ്റൈൽ (S9 കാറ്റഗറി), 50 മീറ്റർ ബട്ടർ ഫ്ലൈ (S9 കാറ്റഗറി) എന്നീ വിഭാഗങ്ങളിൽ മത്സരിച്ച ഷാഹിദ് മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ഷാഹിദിന് ഇടതുകാൽ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കൃത്രിമ കാലിന്റെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരികെ നടന്നത്. ശാരീരിക വെല്ലുവിളികൾക്ക് മുന്നിൽ തളരാതെ, കഠിനാധ്വാനത്തിലൂടെയാണ് നീന്തൽക്കുളത്തിൽ ഷാഹിദ് സുവർണ നേട്ടം വെട്ടിപ്പിടിച്ചത്.
വീൽചെയർ ബാസ്കറ്റ് ബാൾ അസോസിയേഷൻ കേരളയുമായി സഹകരിച്ച് കളിക്കുന്നതിനിടെയാണ് തൃശൂർ ദർശന ക്ലബിലെ ഫാ. സോളമനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഷാഹിദിന് നീന്തലിൽ പരിശീലനം നൽകി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. ആദ്യ മത്സരത്തിൽ തന്നെ സ്വർണ മെഡൽ നേടാനായതിന്റെ സന്തോഷത്തിലാണ് ഷാഹിദ്. മുൻ ഇന്ത്യൻ ഗോൾകീപ്പറും കോച്ചുമായ വിക്ടർ മഞ്ഞിലയിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.