നിർമാണം പൂർത്തിയായ
പൊന്നാനി ഈശ്വരമംഗലം
മൃഗാശുപത്രി കെട്ടിടം
പൊന്നാനി: പൊന്നാനി താലൂക്കിലെ പ്രധാന മൃഗാശുപത്രിയായ ഈശ്വരമംഗലം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ശിലാസ്ഥാപനം കഴിഞ്ഞ് ഒന്നര വർഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
സംസ്ഥാനത്തെ മൃഗാശുപത്രി കെട്ടിടങ്ങളുടെ നവീകരണത്തിന് മൃഗചികിത്സ സേവനം പദ്ധതി പ്രകാരം സർക്കാർ രണ്ട് വർഷം മുമ്പ് ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽനിന്നുള്ള 99.90 ലക്ഷം രൂപ ചെലവിലാണ് ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമിച്ചത്. ഏറെ നാൾ മുടങ്ങിക്കിടന്ന നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്.
വലിയ മൃഗങ്ങൾക്കും ചെറിയ മൃഗങ്ങൾക്കുമുള്ള ഒ.പി ബ്ലോക്ക്, വാക്സിനേഷൻ ബ്ലോക്ക്, ഓപറേഷൻ തിയറ്റർ, ലബോറട്ടറി, ഫാർമസി, എമർജൻസി വെറ്ററിനറി സർവിസ്, നൈറ്റ് വെറ്ററിനറി സർജൻ റഫറിങ് ഓഫിസ്, സ്റ്റോർ റൂം, ഓഫിസ് കോംപ്ലക്സ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമാക്കിയത്. എക്സ് റേ, സ്കാനിങ് എന്നിവക്കുള്ള മുറിയും കെട്ടിടത്തിലുണ്ട്. കെട്ടിടത്തിന്റെ മിനുക്കുപണി പൂർത്തിയായാലുടൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.