പുളിക്കൽ എബിലിറ്റി കാമ്പസ്
മലപ്പുറം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയിൽ വേറിട്ട സേവനങ്ങൾ കാഴ്ചവെച്ച മികച്ച ജില്ല ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം ജില്ല ഭരണകൂടത്തിന്. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ‘ഭിന്നശേഷി അവാർഡ് -2025’ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്കാരങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ മികച്ച ജില്ല ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ മലപ്പുറത്തിനാണ്. ജില്ല കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹികനീതി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സാമൂഹിക പ്രവർത്തകരുടെയും പ്രവർത്തനങ്ങളുടെ ഏകീകരണവും നിരന്തര നിരീക്ഷണങ്ങളുമാണ് ജില്ല ഭരണകൂടത്തെ അവാർഡിന് അർഹമാക്കിയത്.
നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് രക്ഷകർതൃത്വം ഉറപ്പാക്കാനുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്ക് കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രത്യേക പി.എസ്.സി പരിശീലനം, എബിലിറ്റി കഫേകൾ, ബാരിയർ ഫ്രീ പ്രവർത്തനങ്ങൾ തുടങ്ങിയ ഇടപെടലുകൾ, ഭിന്നശേഷി മേഖലയിൽ 24 മണിക്കൂറും സന്നദ്ധസേവനം ഉറപ്പു വരുത്താനുള്ള കെയർ പദ്ധതി, ഭിന്നശേഷി സൗഹൃദ ഓഫിസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി.
വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങി സാമൂഹിക നീതി വകുപ്പിന്റെ വിവിധ പദ്ധതികൾ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് സേവനം നൽകാൻ ജില്ലക്ക് കഴിഞ്ഞു. നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് നിയമപരമായ രക്ഷകർതൃത്വ സർട്ടിഫിക്കറ്റുകൾ കൂടുതൽ നൽകിയത് ജില്ലയാണ്.
പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന് അഭിമാന നേട്ടം
മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള പുരസ്കാരത്തിനൊപ്പം എബിലിറ്റിക്ക് മൂന്ന് അവാർഡുകൾ കൊണ്ടോട്ടി/മലപ്പുറം: ഭിന്നശേഷി പുരസ്കാരത്തിൽ അഭിമാന നേട്ടവുമായി പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ. മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ്, സ്വകാര്യമേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരി, സ്വകാര്യമേഖലയിലെ ശ്രവണപരിമിതിയുള്ള ജീവനക്കാരൻ എന്നീ വിഭാഗങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരമാണ് എബിലിറ്റി ഫൗണ്ടേഷൻ നേടിയത്.
കാഴ്ച, കേൾവി, ചലന പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ നൂതനമായ ഇടപെടൽ നടത്തുന്ന സ്ഥാപനമാണ് എബിലിറ്റി. കാഴ്ച പരിമിതർക്കും ചലന പരിമിതർക്കും നടക്കാൻ കാമ്പസിലുടനീളം വീൽചെയർ പാത റാമ്പ്, ലിഫ്റ്റ്, ഹാൻഡ് റെയിൽസ്, കാഴ്ച പരിമിതരായവർക്കായി ബ്രയിൽ ലിപിയിൽ ഡിസൈൻ ചെയ്ത സൈൻ ബോർഡ്, ശുചിമുറികൾ, പാർക്കിംഗ് ഡിസ്േപ്ല ബോർഡുകൾ, ഭിന്നശേഷി സൗഹൃദ പാർക്കിങ് സൗകര്യം തുടങ്ങി പൂർണമായും ഭിന്നശേഷി സൗഹൃദമായ സ്ഥാപനമാണ് എബിലിറ്റി.
സ്വപ്നങ്ങളെ തളർത്തിയില്ല; മാതൃകയാണ് ഫൗസിയ
സ്വകാര്യമേഖലയിലെ ശാരീരിക പരിമിതിയുള്ള മികച്ച ജീവനക്കാരിയായി തെരഞ്ഞെടുത്തത് എബിലിറ്റിയിലെ ഗ്രാഫിക് ഡിസൈനറും ഡാറ്റാ എൻട്രി ഓപ്പറേറ്ററുമായി ജോലി ചെയ്യുന്ന മഞ്ചേരി ആമക്കാട് ചെറുകപ്പള്ളി സ്വദേശിനി സി.പി. ഫൗസിയയെയാണ്. മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് വീൽചെയറിൽ ഇരുന്ന് സമൂഹത്തിലെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന വ്യക്തിയാണവർ. ഫൗസിയക്ക് ഒമ്പതാം വയസിലാണ് അസുഖം ബാധിച്ചത്. അസുഖം സ്വപ്നങ്ങളെ തളർത്തിയില്ല. വീടുകളിലൊതുങ്ങി പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് കൗൺസിലിങ്ങും മോട്ടിവേഷനും നൽകുന്നുമുണ്ട്.
പരിമിതിയെ മറികടന്ന നേട്ടം
സ്വകാര്യമേഖലയിലെ ശ്രവണപരിമിതിയുള്ള മികച്ച ജീവനക്കാരനായി തെരഞ്ഞെടുത്തത് എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ ഹിയറിങ് ഇമ്പയേർഡ് സ്ഥാപനത്തിലെ പ്രിൻസിപ്പലായ കെ. അനിൽകുമാറിനെയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ അനിൽകുമാർ കേൾവിപരിമിതികൊണ്ടും സംസാര പരിമിതികൊണ്ടും പരിമിതിയെ മറികടന്ന് കഴിവുകൾ മറ്റുള്ളവരിലേക്കും എത്തിച്ച വ്യക്തിയാണ്.
കല-സാഹിത്യം-കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ നേടിയ മികച്ച ഭിന്നശേഷി വ്യക്തിത്വം പുരസ്കാരം ലഭിച്ചത് എഴുത്തുകാരിയും സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യവുമായ ഷബ്ന പൊന്നാടിനാണ്. കൊണ്ടോട്ടി ഓമാനൂർ പൊന്നാട് സ്വദേശിനിയായ ഇവർ സന്നദ്ധ പ്രവർത്തനരംഗത്ത് മികച്ച സേവനമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.