പൂക്കോട്ടുംപാടം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണം നടപ്പിലാക്കിയ 1995ൽ എൽ.ഡി.എഫ് ഭരണ ശേഷം യു.ഡി.എഫ് കുത്തകയായതാണ് അമരമ്പലം. 2000 മുതൽ 2018 വരെ യു.ഡി.എഫിലെ എൻ.എ. കരീം, സി. സുജാത, എൻ.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ ഭരണം തുടർന്നു. 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുള്ള ഭരണസമിതിയില്‍ കോൺഗ്രസിനും സി.പി.എമ്മിനും ഒമ്പത് വീതവും ലീഗിന് ഒന്നുമായിരുന്നു കക്ഷിനില.
പ്രസിഡന്റ് വനിതാ സംവരണമായതിനാൽ സി. സുജാത വീണ്ടും പ്രസിഡന്റായിരുന്നു. എന്നാൽ കോൺഗ്രസ് ഭരണ സമിതിയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ മുതലെടുത്ത് മുൻ എം.എൽ.എ പി.വി. അൻവറിന്റെ ഇടപെടലിലൂടെ കോൺഗ്രസ് അംഗങ്ങളായ ടി.പി. ഹംസയെയും ഒ. അനിത രാജുവിനെയും അടർത്തിയെടുത്തു 2018ൽ ഭരണം അട്ടിമറിച്ചു. എൽ.ഡി.എഫിലെ മുനീഷ കടവത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ടി.പി. ഹംസ വൈസ് പ്രസിഡന്റുമായ ഭരണ സമിതി നിലവിൽ വന്നു.
2020ൽ 19 സീറ്റിൽ 12മായി എൽ.ഡി.എഫ് തുടർഭരണം നേടി. ഇല്ലിക്കൽ ഹുസൈൻ പ്രസിഡന്റായി. യു.ഡി.എഫിന് ഏഴു സീറ്റു മാത്രമാണ് അന്ന് നേടാനായത്. ഇത്തവണ 19ൽനിന്നും 22 വാർഡുകളായി ഉയർന്ന അമരമ്പലത്ത് യു.ഡി.എഫിൽ കോൺഗ്രസ് 16 സീറ്റിലും ലീഗ് ആറ് സീറ്റിലും എൽ.ഡി.എഫിൽ സി.പി.എം. 22 സീറ്റിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പി 16 സീറ്റിലും വെൽഫയർ പാർട്ടി രണ്ടു സീറ്റിലും എസ്.ഡി.പി.ഐ ഒരു സീറ്റിലും മത്സര രംഗത്തുണ്ട്.
എന്നാൽ പഞ്ചായത്തിലെ നാലാം വാർഡായ ചേലോട്, 22ാം വാർഡായ നരിപൊയിൽ എന്നിവിടങ്ങളിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി ത്രികോണ മത്സരങ്ങൾക്ക് സാധ്യതയുണ്ട്. കൂടുതൽ സ്വതന്ത്രരെയും പരിചയ സമ്പന്നരെയും രംഗത്തിറക്കി ഭരണ തുടർച്ചക്ക് എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ പുതുമുഖങ്ങളെ കളത്തിലിറക്കിയാണ് യു.ഡി.എഫ് ഭരണം തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്നത്. ഇടതിന്റെ വികസന മുരടിപ്പും ഉയർത്തിപ്പിടിച്ചാണ് യു.ഡി.എഫ് വോട്ടർമാരെ കാണുന്നത്.
എന്നാൽ ഇടതുപക്ഷം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ടുതേടുന്നത്. ലൈഫ് ഭവന പദ്ധതി, ഗതാഗത വികസനങ്ങൾ തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതികൾ തുടർഭരണത്തിന് സാധ്യത വർധിപ്പിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുമ്പോൾ, പി.വി. അൻവറിന്റെ മുന്നണി മാറ്റവും പഞ്ചായത്തിലെ ഭരണ വിരുദ്ധതയും അനുകൂല സാഹചര്യമൊരുക്കുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.