പൂക്കോട്ടുംപാടം: അമരമ്പലത്ത് ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കരടിയുടെ സാന്നിധ്യം. തേൾപ്പാറ, കൊമ്പൻകല്ല് ഭാഗങ്ങളിലാണ് വീണ്ടും കരടിയെത്തിയത്. വനംവകുപ്പ് ആർ.ആർ.ടി പ്രദേശത്ത് പരിശോധന നടത്തി. ഒരു വർഷമായി മേഖലയിൽ കരടിയുടെ ശല്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം 12ന് പുലർച്ചെ ഒരു മണിയോടെ പത്തിലധികം വയസ്സ് പ്രായമുള്ള കരടി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ അകപ്പെട്ടതോടെ ആശ്വാസത്തിലായിരുന്നു നാട്ടുകാർ. കരടി കെണിയിൽ വീണ് മൂന്നാംനാൾ ചെറമ്മൽ ലളിതയുടെ വീടിനടുത്ത് രണ്ടു കരടികളെത്തിയത് ഭീതി പരത്തിയിരുന്നു. രാത്രി പന്ത്രണ്ടരയോടെ ശബ്ദം കെട്ട് പുറത്ത് നോക്കിയപ്പോഴാണ് കരടികളെ കണ്ടത്. ഇതിന് ശേഷം വെള്ളിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ പാറക്കൽ ഉണ്ണികൃഷ്ണനും തേൾപ്പാറ ആശുപത്രിക്ക് സമീപം കരടിയെ കണ്ടു. നാട്ടിൽ ഭീതി പരത്തുന്ന കരടികളെ കെണി സ്ഥാപിച്ചു പിടികൂടി ഉൾക്കാട്ടിൽ വിടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കരടിയെ കണ്ട ഭാഗങ്ങളിൽ വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അൽത്താഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി. ധന്യരാജ്, അബ്ദുൽ നസീർ, റെസ്ക്യു വാച്ചർ ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.