പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ പട്ടികജാതി സദ്ഗ്രാമങ്ങളുടെ സാമൂഹിക സ്ഥിതി ദയനീയമാണെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ മണ്ഡലത്തിൽ നടത്തിയ സാമൂഹിക, സാമ്പത്തിക സർവേ. നജീബ് കാന്തപുരം എം.എൽ.എ മുൻകൈ എടുത്ത് പെരിന്തൽമണ്ണ മണ്ഡലത്തിൽ നടത്തിയ സർവേയിൽ ഈ വിഭാഗങ്ങളുടെ ജീവിതനിലവാരവും വരുമാന സ്ഥിതിയും കണ്ണു തുറപ്പിക്കുന്നതാണ്.
358 സദ്ഗ്രാമങ്ങളിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ മൂന്നു മാസം മുമ്പ് സദ്ഗ്രാമം പ്രൊജക്ടിനായാണ് പഠനം നടത്തിയത്. സർക്കാർ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിച്ചതിലെ പൊള്ളത്തരം തുറന്നുകാണിക്കാനാണ് സർവേ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നതെന്ന് നജീബ് കാന്തപുരം എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലത്തിലെ 4,676 എസ്.സി വീടുകളിൽ 348 സദ്ഗ്രാമങ്ങളിലെ 2,871 വീടുകൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. ശൗചാലയം-സാനിറ്റേഷൻ, ഹൗസിങ്- ഇൻഫ്രാസ്ട്രക്ചർ, തൊഴിൽ-ഉപജീവനം, ആരോഗ്യം-മെഡിക്കൽ സപ്പോർട്ട് എന്നീ നാലു മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. അതിദാരിദ്ര്യ അളവുകോലിൽ സർക്കാറും ഇക്കാര്യങ്ങളാണ് പരിഗണിച്ചത്. 2871 കുടുംബങ്ങളിൽ 70 വീട്ടിൽ (2.4 ശതമാനം) ശൗചാലയമില്ല. 2741 ലും മതിയായ സൗകര്യമില്ല. (95.5 ശതമാനം). സ്ഥിര വരുമാനമില്ലാത്തതായി 1574 കുടുംബങ്ങൾ.
ആരോഗ്യ മേഖലയിൽ കൃത്യമായ ചികിത്സ ലഭ്യമാല്ലാത്ത 2574 കുടുംബങ്ങളുണ്ട്. താഴെക്കോട് പഞ്ചായത്തിലെ 89.1 ശതമാനവും എസ്.സി കുടുംബങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയാണ്. പുലാമന്തോളിൽ വലിയൊരു ശതമാനം പേർക്കും സ്ഥിരവരുമാനമില്ല. പെരിന്തൽമണ്ണ നഗരസഭയിലും സ്ഥിതി വ്യത്യസ്തമല്ല. സർവേയിൽ മൊത്തം വീടുകളിൽ 93.7 ശതമാനം ബി.പി.എൽ-എ.എ.വൈ കുടുംബങ്ങളാണ്. ഇതിൽ 85 ശതമാനവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു.10 കുടുംബങ്ങൾ അതിദരിദ്രരാണ്. ഇവർക്ക് 200 രൂപ പോലും ദിവസവരുമാനമില്ല. കേരളത്തിന്റെ ശരാശരി വരുമാനത്തിലും താഴെയാണിത്.
പെരിന്തൽമണ്ണ: സംസ്ഥാനത്ത് അതിദാരിദ്ര്യം എങ്ങനെ നീക്കിയെന്നതിനും നിലവിലുണ്ടായിരുന്ന അതിദരിദ്രരുടെ നീണ്ട പട്ടികക്ക് എന്ത് സംഭവിച്ചു എന്നതിനും സർക്കാർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 30ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 5,91194 അതി ദരിദ്രരുണ്ടെന്നാണ്.
ഒരു വർഷം കൊണ്ട് ഇതെങ്ങനെ 64, 006 ആയി ചുരുങ്ങിയെന്നും എം.എൽ.എ ചോദിച്ചു. പെരിന്തൽമണ്ണയിൽ നടത്തിയ സർവേയിൽ വ്യക്തമായ കാര്യങ്ങൾ തന്നെയാണ് കേരളത്തിലെ മറ്റ് 139 മണ്ഡലങ്ങളിൽ ഏതെടുത്താലും കാണാനാവുകയെന്നും നജീബ് കാന്തപുരം എം.എൽ.എ അരക്കുപറമ്പിൽ കുന്നുമ്മൽ പട്ടികജാതി സദ്ഗ്രാമത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.