പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ വാഴേങ്കട കണ്ണത്ത് പട്ടികജാതി നഗറിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കണ്ടെത്തിയ ഭൂമി വീടുകൾക്കായി അളന്ന് വേർതിരിച്ചു. പ്ലോട്ടുകൾക്ക് നമ്പറിട്ട് ഇവ തഹസിൽദാറുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി നറുക്കിട്ട് വേർതിരിച്ചു നൽകി.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വഴി 1.66 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് അനുമതിയായത്. ആലിപ്പറമ്പ് പഞ്ചായത്തിൽ തന്നെ അനുയോജ്യമായ ഭൂമി കണ്ടെത്തിയാണ് ഇവരെ മാറ്റുന്നത്. ഇനി ഈ ഭൂമി കുടുംബങ്ങളുടെ പേരുവിരങ്ങൾ വെച്ച് ജിയോടാഗ് നടത്തണം. ലൈഫ് പദ്ധതിയിലെ പോലെ വീടിന് ഒരു കുടുംബത്തിന് നാലുലക്ഷം വീതം പദ്ധതിയിൽ നിന്ന് നൽകും. ഭൂമിക്കും വീടുനുമായാണ് സർക്കാർ 1.66 കോടി അനുവദിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസറുടെ നേതൃത്വത്തിലാണ് തുടർ പദ്ധതികൾ മുന്നോട്ട് നീക്കുന്നത്.
ഏതാനും വർഷങ്ങളായി മഴക്കാലത്ത് സ്ഥിരമായി മണ്ണിടിച്ചിൽ ഭീഷണി കാരണം മാറ്റിപ്പാർപ്പിക്കാറാണ് ഈ കുടുംബങ്ങളെ. 13 കുടുംബങ്ങൾ താമസിക്കുന്ന മേഖലക്ക് സംരക്ഷണ ഭിത്തി നിർമിക്കാനും കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിദഗ്ധർ പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. 2.84 കോടിയുടെ വിശദമായ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. അത് താങ്ങാവുന്നതിലേറെയായതിനാലാണ് കുടുംബങ്ങളെ പൂർണമായും മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന മേഖലക്ക് സമീപം മുമ്പ് പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിയിലെ വെള്ളം മണ്ണിലേക്കിറങ്ങി പ്രദേശമാകെ ബലക്ഷയം വന്നതാണ് ഭീഷണിക്ക് കാരണമായി പറയുന്നത്.
ഭവന സുരക്ഷാ പദ്ധതി അനിവാര്യമാണെന്നും ഭിത്തി നിർമിക്കുന്നതിനേക്കാൾ സ്ഥിരമായ പുനരധിവാസമാണ് ഉത്തമമെന്നും കണ്ടെത്തിയതോടെയാണ് കുടുംബങ്ങളെ ഭൂമി കണ്ടെത്തി മാറ്റാൻ പദ്ധതി തയാറാക്കിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രകൃതി ദുരന്ത സാധ്യത മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണിത്. ശക്തമായ മഴയുള്ള സമയങ്ങളിൽ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കാറാണ് പതിവ്. അപകട മേഖലയാണെന്ന് നേരത്തെ ജിയോളജി വിഭാഗവും റിപ്പോർട്ട് ചെയ്തതാണ്. വീടുകളിൽ പലതും മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയതാണ്. ഓടിട്ടതും കോൺക്രീറ്റിട്ടതും ഉണ്ട്. മഴക്കാലത്ത് വീടുകൾക്ക് പുറകുവശത്തെ വലിയ ഭിത്തിയും മരങ്ങളും വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴാനുള്ള സാധ്യതയാണ് പലപ്പോഴായി നടത്തിയ പരിശോധനകളിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.