പട്ടിക്കാട്: പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഉപയോഗിച്ച് വന്നിരുന്ന വഴി റെയിൽവേ അടച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. ദിനംപ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയായി പോകുന്ന ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിലെ ശാന്തപുരം കാഞ്ഞിരപ്പള്ളി ഭാഗത്താണ് ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് അടച്ചത്. ഇത് വളറെയേറെ പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് ഒരു അടിപ്പാത അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെയിൽപാത വരുന്നതിനുമുമ്പ് തന്നെ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന ഈ വഴിയിൽ റെയിൽവേ അടിപ്പാത അനുവദിക്കണമെന്നും അടച്ചഭാഗം തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
റെയിൽപാതയുടെ പടിഞ്ഞാറ് ഭാഗത്ത് ശാന്തപുരം അൽ ജാമിഅ, ശാന്തപുരം ഹയർ സെക്കൻഡറി സ്കൂൾ, മുള്ള്യാകുർശ്ശി എൽ.പി, യു.പി സ്കൂളുകൾ, പാലിയേറ്റിവ് കെയർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും കിഴക്ക് ഭാഗത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജ്, പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചുങ്കം എൽ.പി സ്കൂൾ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ജീവനക്കാരും കാൽനടയായി പോകുന്ന വഴിയാണിത്. കൂടാതെ കൂട്ടിൽ, ചേരിയം, വലമ്പൂർ, മുള്ള്യാകുർശ്ശി, കോക്കാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ റെയിൽപാത വരുന്നതിനുമുമ്പ് തന്നെ എളുപ്പത്തിൽ വിവിധ ആവശ്യങ്ങൾക്കായി പട്ടിക്കാട് ചുങ്കത്തേക്കും മറ്റും കാൽനടയായി നടന്നുപോകുന്ന വഴികൂടിയാണിത്. പാളം മുറിച്ചുകടക്കാൻ റെയിൽവേയുടെ അനുമതി പ്രകാരം നാട്ടുകാർ നിർമിച്ചിരുന്ന പടികളും അടുത്തകാലത്തായി റെയിൽവേ പൊളിച്ചു നീക്കിയിരുന്നു. ഇപ്പോൾ വളരെ പ്രയാസപ്പെട്ടാണ് ആളുകൾ പാളം മുറിച്ചുകടക്കുന്നത്.
നിരവധി ആളുകളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ ഈ ഭാഗത്ത് ഒരു അടിപ്പാതക്ക് റെയിൽവേയുടെ അനുവാദം നേടിയെടുക്കാനായി നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. തുടർനടപടികളുമായി മുന്നോട്ടു പോകാൻ ഇത് സംബന്ധമായി ചേർന്ന സംഗമത്തിൽ തീരുമാനമായി. വാർഡ് മെംബർമാരായ നൂർജഹാൻ മൂച്ചിക്കൽ, പി.കെ. അബ്ദുസ്സലാം മാസ്റ്റർ, എം.ഇ. ശുക്കൂർ, എം.പി. അബ്ദുസ്സലാം, സി. ഈസക്കുട്ടി, കെ.പി. മുഹമ്മദലി, പി. ബിമേഷ്, എൻ.ടി. ഉസ്മാൻ, വി. മുഹമ്മദലി, കെ.സി. അബ്ദുൽ ലത്തീഫ്, എൻ.ടി. മുഹമ്മദ് റാഫി, എൻ.ടി. റഫീഖ്, കെ.പി. സാലിഹ്, പി. നാസർ, ഇ.കെ. ഷക്കീല, എ. സനീറ, വിവിധ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.