പെരുമ്പടപ്പ്: കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. തെക്കുട്ട് വീട്ടിൽ ആക്കിഫിനെയാണ് (24) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ സ്പെഷൽ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ പ്രേംകുമാർ ആണ് ഉത്തരവിറക്കിയത്.
വടിവാൾ, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് ദേഹോപദ്രവം ഏൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ടുതവണ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടി കേസിൽ ഉൾപ്പെട്ട് ഒരുമാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതി കൊലപാതകശ്രമം, സംഘം ചേർന്ന് ആയുധംകൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപിക്കൽ, ലഹളയുണ്ടാക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ -3 നിയമപ്രകാരം അറസ്റ്റ് ചെയ്ത ആക്കിഫിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ആറു മാസത്തേക്കാണ് തടവ്.
പെരുമ്പടപ്പ് ഇൻസ്പക്ടർ ഇ.പി. സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലേഷ്, സി.പി.ഒമാരായ ഉദയകുമാർ, പ്രവീൺ, വിഷ്ണുനാരായണൻ തുടങ്ങി ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡ് അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.