മലപ്പുറം: 2024-25 വർഷത്തെ ബജറ്റിൽ അനുവദിച്ച അഞ്ച് കോടിയുടെ നഗര സൗന്ദര്യവത്കരണ പദ്ധതി ആദ്യഘട്ട നിർമാണ പ്രവൃത്തികൾ റോഡുകളിലെ കൈയേറ്റം ഒഴിപ്പിച്ച ശേഷം ആരംഭിച്ചേക്കും. മലപ്പുറം ജൂബിലി റോഡിലും, കുന്നുമ്മൽ-കോട്ടപ്പടി ബസ് സ്റ്റാൻഡ് റോഡിലും നടത്തിയ പ്രാഥമിക പരിശോധനയിൽ കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവ ഒഴിപ്പിച്ച ശേഷം നിർമാണം ആരംഭിക്കാൻ അധികൃതർ നിശ്ചയിച്ചത്. ജനുവരി 19ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിങ്കളാഴ്ച മുതൽ പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി ജനുവരി 23ന് പി.ഡബ്ല്യു.ഡി വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സന്ദർശനത്തിലാണ് ചെറിയ കൈയേറ്റങ്ങൾ കണ്ടെത്തിയത്. ഇതോടെ പ്രവൃത്തി ആരംഭിക്കൽ തൽകാലം മാറ്റി വെക്കാൻ നിശ്ചയിച്ചു. പി.ഡബ്ല്യു.ഡി വകുപ്പിന്റെ നേതൃത്വത്തിൽ 28, 29 തീയതികളിലായി ബന്ധപ്പെട്ട കൈയേറ്റക്കാർക്ക് വിഷയത്തിൽ നോട്ടീസ് നൽകും. തുടർന്ന് കൈയേറ്റം ഒഴിപ്പിച്ചതിന് ശേഷം പ്രവൃത്തികളിലേക്ക് കടന്നേക്കും.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആദ്യഘട്ടം കുന്നുമ്മൽ കേന്ദ്രീകരിച്ച് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. മലപ്പുറം-മഞ്ചേരി റോഡ്, മൂന്നാംപടി ജൂബിലി റോഡ്, സിവിൽ സ്റ്റേഷൻ-മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡ് എന്നിവ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. രണ്ടാംഘട്ടത്തിലാകും പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തികൾ തുടങ്ങുക. ദേശീയ പാത(എൻ.എച്ച്) വിഭാഗത്തിന്റെ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തി തുടങ്ങു.
പദ്ധതിയുടെ ടെൻഡർ നടപടികൾ ജനുവരി ആദ്യത്തോടെയാണ് പൂർത്തിയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ എം.എൽ.എയുടെ നേതൃത്വത്തിൽ പിന്നീട് നടത്തും. നടപ്പാത നിർമാണം, ഇന്റർ ലോക്ക് വിരിക്കൽ, ഡിവൈഡറുകളിലും സർക്കിളുകളിലും പുൽത്തകിടിയും തെരുവ് വിളക്കുകളും സ്ഥാപിക്കൽ, കൈവരി, പ്ലാൻറേഷൻ, ലാൻഡ് സ്കേപിങ് , ബസ്ബേകൾ, ജങ്ഷനുകളിൽ പാർക്കിങ് സൗകര്യങ്ങൾ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. പദ്ധതിക്ക് അനുവദിച്ച അഞ്ച് കോടിയിൽ നാല് കോടി സൗന്ദര്യവത്കരണത്തിനും ഒരു കോടി തെരുവ് വിളക്കുകൾക്കും വിനിയോഗിക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. കൂടാതെ എം.എൽ.എ ഫണ്ടിൽ 90 ലക്ഷം രൂപയുടെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇനിനോടൊപ്പം നടപ്പിലാക്കാനും ശ്രമമുണ്ട്. ഈ പദ്ധതിയിൽ കുന്നുമ്മൽ എം.എസ്.പി ക്യാമ്പ് മുതൽ കിഴക്കേത്തല വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.