ഓണം അടുത്തതോടെ കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പൻ രൂപങ്ങളുമായി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത്
വിൽപനക്കെത്തിയ വേങ്ങര പറപ്പൂർ നായർപടി സ്വദേശി കെ.പി. ചിന്നൻ
മലപ്പുറം: അത്തം പിറന്നതോടെ ഓണവിപണി സജീവമായി. തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കടകമ്പോളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തെരുവുകളിൽ പൂക്കളും മറ്റു അവശ്യ സാധനങ്ങളുമായി കച്ചവടക്കാർ നിരന്നുകഴിഞ്ഞു. മലപ്പുറം ഉൾപ്പടെയുള്ള നഗരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഘോഷം ഹൃദ്യമാക്കാന് നാടെങ്ങും വലിയ ഒരുക്കമാണ് നടക്കുന്നത്.
പൂക്കൾ തന്നെയാണ് ഓണവിപണിയുടെ മുഖ്യ ആകർഷണം. കൂറ്റൻ സ്റ്റാളുകൾ സജ്ജമാക്കിയാണ് വിവിധ സംഘങ്ങളുടെ പൂ വിൽപന. മഞ്ഞ ജമന്തി, വയലറ്റ് ആസ്ട്ര, റെഡ് റോസ്, പനിനീർ റോസ്, വെള്ള ജമന്തി, ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങി നിരവധി ഇനം പൂക്കൾ വിപണിയിൽ ലഭ്യമാണ്. കിലോഗ്രാം നിരക്കിലാണ് വിൽപന. 80 രൂപ മുതൽ 100 വരെയാണ് മഞ്ഞ ജമന്തിയുടെ വില. 380 രൂപയാണ് റെഡ് റോസിന്റെ നിരക്ക്. റെഡ് റോസിനെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവാണ് പനിനീർ റോസിന്. 200 രൂപയാണ് ഇതിന്റെ വില. 200 മുതൽ 250 രൂപ വരെ നിരക്കിലാണ് അരളിയുടെ വിൽപന. ചെണ്ടുമല്ലിക്ക് 120 രൂപയും വാടാർമല്ലിക്ക് 100 മുതൽ 120 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 400 രൂപയാണ് നിരക്ക്. ആവശ്യക്കാർ കൂടുതലുള്ളതിനാലാണ് വെള്ള ജമന്തിക്ക് വില കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. ഓരോ ദിവസവും വിലയിൽ വ്യത്യാസം വരും.
തൃക്കാക്കരയപ്പൻ, കളിമൺ ചട്ടികൾ, സെറ്റ് മുണ്ടുകൾ, സാരികൾ തുടങ്ങിയ അനുബന്ധ സാധനങ്ങളും ഓണ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു വലുതും രണ്ട് ചെറുതുമായി മൂന്നെണ്ണം അടങ്ങിയ തൃക്കാക്കരയപ്പൻ സെറ്റിന് 150 രൂപ മുതൽ 350 രൂപ വരെയാണ് വില. കളിമണ്ണ് കൊണ്ട് നിർമിച്ച പാത്രങ്ങൾക്ക് വലിപ്പം അനുസരിച്ചാണ് വില. ഓണത്തിന് അണിഞ്ഞൊരുങ്ങാൻ സെറ്റ് മുണ്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. സ്ത്രീകൾക്കുള്ള സിംഗിൾ, ഡബിൾ സെറ്റ് മുണ്ടുകൾ, പ്രിന്റഡ് സാരികൾ, പുരുഷൻമാർക്കുള്ള മുണ്ടുകൾ എന്നിവ ലഭ്യമാണ്. 250 രൂപ മുതലാണ് വില.
ഓണം ജനത്തെ സംബന്ധിച്ചിടത്തോളം പൂക്കളത്തിന്റെയും സദ്യയുടെയും വിനോദപരിപാടികളുടെയും വേള മാത്രമല്ല, മറിച്ച് തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ്. ഓണക്കാലത്ത് പൂക്കളും പച്ചക്കറികളും തുണിത്തരങ്ങളും മാത്രമല്ല ഗൃഹോപകരണങ്ങളും വിപണിയിലെ താരമാണ്. കിടിലൻ ഓഫറുകൾ നിരത്തിയാണ് ഓരോ ഗൃഹോപകരണ സ്ഥാപനവും വിപണിയിൽ ചുവടുറപ്പിക്കുന്നത്. വിലക്കുറവ് മുതൽ സ്വർണനാണയവും വിദേശയാത്രയും വരെയാണ് പ്രമുഖ ബ്രാൻഡുകൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ. നോൺസ്റ്റിക് അപ്പച്ചട്ടി മുതൽ അലക്ക് യന്ത്രം വരെയും ഫ്രിഡ്ജ് മുതൽ ഇൻഡക്ഷൻ കുക്കർ വരെയും ആകർഷകമായ ഓഫറുകളോടെ സ്വന്തമാക്കാം. ഉപേഭാക്താക്കളെ ആകർഷിക്കാൻ എല്ലാ സാധനങ്ങൾക്കും മിക്ക കച്ചവടക്കാരും ഇ.എം.ഐ സൗകര്യം നൽകുന്നുണ്ട്.
ഈ ഓണത്തിന് ഗംഭീര വരവേൽപാണ് മലപ്പുറത്തെ ഓണച്ചന്തകൾ ഒരുക്കുന്നത്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടക്കുന്നിലും സപ്ലൈകോയുടെ ഓണച്ചന്ത കോട്ടപ്പടിയിലും കുടുംബശ്രീയുടെത് സിവിൽ സ്റ്റേഷൻ പരിസരത്തും നഗരസഭ മുൻസിപ്പൽ ബസ് സ്റ്റാൻഡിലുമാണ് നടക്കുന്നത്. പലതരം ആഹാരസാധനങ്ങളും പച്ചക്കറികളും കരകൗശല വസ്തുക്കളും മൺപാത്രങ്ങളും ഇലക്ട്ട്രോണിക് ഉൽപന്നങ്ങളും വസ്ത്രങ്ങളും തുടങ്ങി എല്ലാ സാധനങ്ങളും ഓഫറുകളോടെ ലഭ്യമാണ്. പല ആഹാരസാധനങ്ങൾക്കും 50 ശതമാനം മുതൽ 30 ശതമാനം വരെയാണ് വിലക്കിഴിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.