കാളികാവ്: വനം വകുപ്പിന്റെ ഉടക്കിൽ മഴനനഞ്ഞ ദിനരാത്രങ്ങൾ പിന്നിട്ട ഗീതക്കും കുടുംബത്തിനും ഒടുവിൽ സ്വന്തമായി വീട്. മഴയും വെയിലുമേറ്റ് വന്യമൃഗശല്യത്തിനിടയിൽ പത്തുവർഷമായി വീടിനായി കാത്തിരിക്കുന്ന ചോക്കാട് ചിങ്കക്കല്ലിലെ ആദിവാസി കുടുംബാംഗമായ ഗീതയുടെ സ്വപ്നവീട് യാഥാർഥ്യമാവുന്നു.
ഏറെ നിയമക്കുരുക്കുകൾ മറികടന്നാണ് വീടുനിർമാണത്തിന് നടപടിയാവുന്നത്. ഒമ്പത് വർഷം മുമ്പ് ചിങ്കക്കല്ലിൽ ഗീതയുടെയും ബന്ധു സരോജിനിയുടെയും വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും തറ നിർമിച്ച് രണ്ടാം ഗഡുവിനായി ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഇടപെട്ട് തടഞ്ഞു. വീട് വെക്കുന്ന സ്ഥലം വനഭൂമിയിലാണ് എന്ന കാരണമാണ് പറഞ്ഞത്. പലപ്പോഴും കാട്ടാന ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് ഈ കുടുംബങ്ങൾ രക്ഷപ്പെട്ടത്.
വനത്തിന് സമീപം പ്ലാസ്റ്റിക് ഷീറ്റിന് താഴെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി കഴിഞ്ഞ ഗീതയും ഭർത്താവ് വിനോദും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അനുഭവിച്ച ദുരിതം ഏറെയാണ്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ഇടപെട്ടതിന്റെ ഫലമായി വീട് പണിയാനുള്ള നിരോധനം നീങ്ങി. തുടർന്ന് ഇവരുടെ സ്ഥലം അളന്നുതിരിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് നിലമ്പൂരിൽ ഇവർക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറി.
പക്ഷെ, പ്രശ്നം അവിടെയും തീർന്നില്ല. വീടിന് നേരത്തെ ഐ.ടി.ഡി.പി അനുവദിച്ച ഫണ്ട് അപ്പോഴേക്കും കാലഹരണപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാമെന്ന് അധികൃതർ ധാരണയിലായി. പക്ഷേ ലൈഫ് പദ്ധതി പട്ടികയിൽ ഇവരെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ട്രൈബൽ ഫണ്ടിൽ വീടിന് ഫണ്ട് ലഭ്യമാക്കാൻ പിന്നീട് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ് ലഭിച്ചു. എന്നാൽ പട്ടികവർഗ വകുപ്പ് ഫണ്ട് ലഭ്യതയുടെ കുറവ് കാരണം ഫണ്ട് വൈകി. രണ്ട് മാസം മുമ്പാണ് ഗീതയുടെ വീടിന് ഫണ്ട് അനുവദിച്ചത്. പണി പൂർത്തിയാവുന്ന മുറക്ക് ഇപ്പോൾ താമസിക്കുന്ന പ്ലാസ്റ്റിക് ഷെഡിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.