നിലമ്പൂർ: അവസാന ലാപ്പിൽ താരപ്രചാരകർ കളം നിറഞ്ഞതോടെ, നിലമ്പൂരിൽ പ്രവർത്തകരുടെ ആവേശം കൊടുമുടി കയറി. പരസ്യപ്രചാരണം തീരാൻ രണ്ടുനാൾ മാത്രം ശേഷിക്കെ പോരാട്ടം കനത്തു. കോരിച്ചൊരിയുന്ന മഴയിലും കടുത്ത തെരഞ്ഞെടുപ്പ് ചൂടിലാണ് മലയോര മണ്ഡലം. ഇടതു, വലതു മുന്നണികൾക്ക് പുറമെ അവസാന ദിവസങ്ങളിൽ സ്വതന്ത്രൻ പി.വി. അൻവറും ബി.ജെ.പിയും കളം നിറഞ്ഞിട്ടുണ്ട്.
എം. സ്വരാജിനായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം നിറച്ചാണ് മടങ്ങിയത്. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം നിലമ്പൂരിൽ തങ്ങിയ പിണറായി, ഏഴ് പഞ്ചായത്ത് റാലികളിലാണ് പങ്കെടുത്തത്. വികസനം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ചിട്ടയായി നീങ്ങുന്ന യു.ഡി.എഫ് ക്യാമ്പിന് ആവേശം പകർന്ന് ഞായറാഴ്ച പ്രിയങ്ക ഗാന്ധി എം.പി മണ്ഡലത്തിലെത്തി.
കാലാവസ്ഥ പ്രതികൂലമായിട്ടും പ്രിയങ്കയുടെ റോഡ്ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനുവേണ്ടി മൂത്തേടത്തും നിലമ്പൂർ ചന്തക്കുന്നിലുമായി നടന്ന യോഗങ്ങളിൽ പ്രസംഗിച്ച പ്രിയങ്ക സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചു. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനായി ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ യൂസഫ് പത്താൻ മണ്ഡലത്തിലെത്തി. ടർഫിൽ കുട്ടികളോടൊപ്പം അൽപസമയം ക്രിക്കറ്റ് കളിച്ച് പ്രചാരണത്തിന് തുടക്കമിട്ട പത്താൻ ഞായറാഴ്ച വൈകീട്ട് മണ്ഡലത്തിൽ നടന്ന അൻവറിന്റെ റോഡ്ഷോയിലും പങ്കെടുത്തു. ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കം സംസ്ഥാന നേതാക്കൾ ബഹുജന സമ്പർക്ക പരിപാടികളിൽ പങ്കാളികളായി.
എസ്.ഡി.പി.ഐയും വോട്ടുറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. തിങ്കളാഴ്ച മുതൽ കൂടുതൽ ആളുകളെ കൂട്ടി വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കാനാണ് നേതാക്കളും പ്രവർത്തകരും ശ്രമിക്കുന്നത്. പ്രതികൂല കാലാവസ്ഥ മൂലം പോളിങ് കുറയാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് വോട്ടുകൾ പരമാവധി പോൾ ചെയ്യിപ്പിക്കാനുള്ള ആസൂത്രണവും മുന്നണികളുടെ ഭാഗത്തുനിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.