കുഴിയിൽ വീണ ആദിവാസി യുവാവ് രവീൺ
നിലമ്പൂർ: നിലമ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് ചൊവ്വാഴ്ച രാത്രി 12 ഓടെ പൊലീസ് കൺട്രോൾ റൂമിൽനിന്ന് സന്ദേശം വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നുണ്ടെന്നും സഹായം ആവശ‍്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഒപ്പം വിളിച്ച നമ്പറും കൈമാറി. തുടർന്ന് നിലമ്പൂരിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ടി.പി. മുസ്തഫയും സീനിയർ സി.പി.ഒ നിബിൻ ദാസും ഉടൻ യുവാവിന്‍റെ ഫോണിലേക്ക് തിരിച്ചു വിളിച്ചു.
കുഴിയിൽ വീണു കിടക്കുകയാണ്, സ്ഥലം എവിടെയാണെന്നറിയില്ലെന്നായിരുന്നു മറുപടി. യുവാവ് വിളിച്ച ഫോൺ നമ്പറിന്‍റെ ലൊക്കേഷൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പൊലീസ് മനസ്സിലാക്കി. ഫോണിലൂടെ യുവാവിന് പൊലീസ് ധൈര‍്യം പകർന്നു. തിരച്ചിലിൽ പൊലീസ് സ്ഥലം കണ്ടെത്തി.
ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ സമീപം 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണു കിടക്കുന്ന നിലയിൽ ആദിവാസി യുവാവിനെ പൊലീസ് കണ്ടെത്തി. തൊട്ടടുത്തുള്ള വീട്ടിൽനിന്ന് സംഘടിപ്പിച്ച കോണി വഴി യുവാവിനെ കരക്കെത്തിച്ചു. പരിക്കേറ്റ യുവാവിനെ നിലമ്പൂർ ഗവ. ആശുപത്രിയിലെത്തിച്ച് പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയായ 22 കാരൻ രവീണിനാണ് പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
പൈനാപ്പിൾ കൃഷി തോട്ടത്തിൽ ജോലി ചെയ്യുന്നതിനാണ് രവീൺ ബന്ധുകളോടൊപ്പം നിലമ്പൂരിലെത്തിയത്. റെയിൽവേ സ്റ്റേഷന് സമീപം ഡിപ്പോയിലാണ് ഇവർ താമസിച്ചിരുന്നത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് കിട്ടാതെ വന്നപ്പോൾ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നി രക്ഷപ്പെടാൻ ഓടിയപ്പോൾ കുഴിയിൽ വീണു എന്നാണ് രവീൺ പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.