ME+MM മഞ്ചേരിയിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം

ME+MM മഞ്ചേരിയിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം; പെട്രോൾ റോഡിലൂടെ ഒഴുകി *വൻദുരന്തം ഒഴിവായി മഞ്ചേരി: മലപ്പുറം റോഡിൽ 22ാം മൈലിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം. ഞായറഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് ഇന്ധനവുമായി കൂടരഞ്ഞിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ലോറി വളവിലെ ഡിവൈഡറിൽ മൂന്ന് മീറ്ററോളം ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ലോറിയുടെ മുൻഭാഗത്തെ ടയറുകൾ വേർപ്പെട്ടു. 12,000 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളുമായിരുന്നു. ലോറിയുടെ മുൻഭാഗത്തോട് ചേർന്നുള്ള പെട്രോൾ ചേംബറിന് ചോർച്ച അനുഭവപ്പെട്ടു. കൂടാതെ ലോറിയുടെ ഇന്ധന ടാങ്കിനും ചോർച്ചയുണ്ടായത് ഭീതി പരത്തി. പെട്രോൾ ചോർന്ന് റോഡിലൂടെ ഒഴുകി. മഞ്ചേരി അഗ്നിരക്ഷ നിലയത്തിലെ ഉദ്യോഗസ്ഥരെത്തി ആദ്യം തന്നെ ഗതാഗതം വഴിതിരിച്ചുവിട്ടു. തുടർന്ന് സിവിൽ ഡിഫൻസ്, ട്രോമാകെയർ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ചാക്കുകളിൽ മണൽ നിറച്ച് കൊണ്ടുവന്നു റോഡിന്‍റെ അരികിൽ തടയണ കെട്ടി പെട്രോൾ അഴുക്കുചാലിലേക്ക് ഒഴുകുന്നത് തടഞ്ഞുനിർത്തി. ഒപ്പം പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. എം സീൽ ഉപയോഗിച്ച് ടാങ്കിന്‍റെ ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മുട്ടിപ്പാലത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽനിന്ന് ഒരു ടാങ്കർ വരുത്തി വലിയ ഹോസ് ഉപയോഗിച്ച് ചോർന്നു പോകുന്ന പെട്രോൾ അതിലേക്ക് മാറ്റാൻ ശ്രമം നടത്തി. ഇതും പരാജയപ്പെട്ടതോടെ സാനിറ്ററി ഷോപ്പിൽ ഉണ്ടായിരുന്ന മൂന്ന് വാട്ടർ ടാങ്കുകൾ അപകടത്തിൽപെട്ട വാഹനത്തിനടുത്തെത്തിച്ച് ഒഴുകിപ്പോകുന്ന പെട്രോൾ വലിയ ഹോസുപയോഗിച്ച് അതിലേക്ക് മാറ്റി. അപകടം സംഭവിച്ചതോടെ മഞ്ചേരി-മലപ്പുറം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ നിന്നുതന്നെ വാഹനം വഴിതിരിച്ചുവിട്ടു. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ടാങ്കർ ലോറി റോഡിൽനിന്ന് മാറ്റി മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനങ്ങൾ തിരിച്ചുവിട്ട മുട്ടിപ്പാലം ഉള്ളാടംകുന്ന് റോഡിൽ മിനി ലോറി ചെരിഞ്ഞതോടെ ഈ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മഞ്ചേരി അഗ്നിരക്ഷ സേന, പൊലീസ്, സിവിൽ ഡിഫൻസ്, ടോമകെയർ, മറ്റു സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ചേർന്ന് ഏഴ് മണിക്കൂറോളമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. മഞ്ചേരി അഗ്നിരക്ഷ സ്റ്റേഷൻ ഓഫിസർ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അബ്ദുൽ കരീം, ജംഷാദ്, ഫിറോസ്, റുമേഷ്, ഇല്യാസ്, നന്ദകുമാർ, ജോയ് അബ്രഹാം, ഹോം ഗാർഡുമാരായ സുരേഷ് രാജേഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ ജംഷീർ, അനൂപ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി. me tanker lorry : മഞ്ചേരി-മലപ്പുറം റോഡിൽ 22ാം മൈലിൽ അപകടത്തിൽപെട്ട ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു inner box ഒരുവർഷത്തിനിടെ നടന്നത് 30ലേറെ അപകടം മഞ്ചേരി: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണ ഭാഗമായി മലപ്പുറം റോഡ് നവീകരിച്ചതോടെ ഒരു വർഷത്തിനിടെ 30ലേറെ അപകടങ്ങളാണ് മഞ്ചേരിക്കും ആനക്കയത്തിനുമിടയിലുണ്ടായത്. ഏറെയും വാഹനങ്ങൾ ഡിവൈഡറിലിടിച്ചായിരുന്നു അപകടങ്ങൾ സംഭവിച്ചത്. വീതികുറഞ്ഞ റോഡിൽ അശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിച്ചതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് മഞ്ചേരി നിത്യമാർക്കറ്റിലേക്ക് മുട്ട കയറ്റി വന്ന ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞതായിരുന്നു അവസാനത്തേത്. വീതി കുറഞ്ഞ ഭാഗത്തെ ഡിവൈഡറുകൾ നീക്കം ചെയ്യാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഇത് നീക്കം ചെയ്യുന്നതിന് പൊലീസിന് താൽപര്യമില്ലെന്നാണ് വിവരം. രാത്രിയാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും അമിതവേഗതയാണ് ഇതിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.