കഴിക്കാം വിഷരഹിത മത്സ്യം: ജില്ലയിൽ മത്സ്യഫെഡിന്‍റെ ഫിഷ് മാർക്കറ്റ് എല്ലാ മണ്ഡലങ്ങളിലും

മലപ്പുറം: വിഷരഹിതമായ മത്സ്യം ജനങ്ങളിലെത്തിക്കാനായി മത്സ്യഫെഡ് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഫിഷ് മാർക്കറ്റുകൾ ആരംഭിക്കുന്നു. സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ എല്ലായിടങ്ങളിലും മാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം അഞ്ചിടങ്ങളിൽ ഫിഷ് മാർക്കറ്റിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നിലമ്പൂർ, പെരിന്തൽമണ്ണ, തവനൂർ, താനൂർ, മലപ്പുറം മണ്ഡലങ്ങളിലാണ് സ്ഥലം കണ്ടെത്തി നടപടികൾ പൂർത്തീകരിച്ചത്. ബാക്കിയുള്ള ഇടങ്ങളിലും സ്ഥലം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നിലമ്പൂർ നഗരസഭ മാർക്കറ്റ്, പെരിന്തൽമണ്ണ ടൗൺ, തവനൂരിൽ അയങ്കലം, താനൂരിൽ പൊന്മുണ്ടം, മലപ്പുറത്ത് ആനക്കയം എന്നിങ്ങനെയാണ് സ്ഥലം കണ്ടെത്തിയത്. ഇവിടെ ഏപ്രിലോടെ പ്രവർത്തനം ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.

നേരത്തേ, ജില്ലയിൽ എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ മത്സ്യഫെഡ് ഫിഷ് മാർട്ടുകൾ ആരംഭിച്ചിരുന്നു. ഫ്രാഞ്ചൈസികളായിട്ടായിരുന്നു തുടങ്ങിയത്. പ്രവർത്തന കാലയളവിൽ ബേപ്പൂർ, പുതിയാപ്പ എന്നിവിടങ്ങളിൽനിന്നായിരുന്നു മത്സ്യം എത്തിച്ചത്. ഇത് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെയാണ് ഫ്രാഞ്ചൈസികളെ ഒഴിവാക്കി മത്സ്യഫെഡ് നേരിട്ട് നടത്താൻ തീരുമാനിച്ചത്.

ജില്ലയിൽ പൊന്നാനിയിലാണ് ഇപ്പോൾ സംഭരണ കേന്ദ്രം കണ്ടെത്തിയത്. പൊന്നാനി ഹാർബറിലെ ബേസ് സ്റ്റേഷനിൽനിന്നാണ് വിവിധ ഇടങ്ങളിൽ ആരംഭിക്കുന്ന ബൂത്തുകളിലേക്ക് മത്സ്യം എത്തിക്കുക. പച്ച മത്സ്യത്തിന് പുറമെ, ഉണക്ക മീൻ, മൂല്യവർധിത ഉൽപന്നങ്ങൾ, മീറ്റ്സ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ചിക്കൻ, മട്ടൺ, ബീഫ്, താറാവ് എന്നിവയും ഇത്തരം കേന്ദ്രങ്ങളിൽ ലഭ്യമാകും. കൂടാതെ, പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ നാലുപേർക്ക് തൊഴിൽ നൽകാനും സാധിക്കും.

നടപടികൾ പൂർത്തിയായവയിൽ നിലമ്പൂരിൽ നഗരസഭയുടെ സ്ഥലത്താണ് ഫിഷ് മാർക്കറ്റ് വരുന്നത്. ബാക്കിയുള്ള ഇടങ്ങളിൽ മത്സ്യഫെഡാണ് വാടക നൽകുക. എല്ലാ മണ്ഡലങ്ങളിലും ഏറ്റവും കുറഞ്ഞത് ഒരിടത്തെങ്കിലും ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിക്കാനാണ് ശ്രമം. നിയമസഭ സമ്മേളനം പൂർത്തിയായ ശേഷം ബാക്കിയുള്ള മണ്ഡലങ്ങളിലും നടപടികൾ വേഗത്തിലാക്കും. കൂടുതൽ സ്ഥലങ്ങൾ ലഭ്യമായാൽ മത്സ്യം എത്തിക്കാനുള്ള ചെലവ് കുറയും. അനുയോജ്യമായ സ്വകാര്യ സ്ഥലം ലഭിച്ചാൽ ഇവിടെ ആധുനിക രീതിയിലുള്ള ഫിഷ് ബൂത്ത് മത്സ്യഫെഡ് ഒരുക്കുമെന്നും സ്ഥലവാടക നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Matsyafed Fish Market in all constituencies in the Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.