മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി.കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തര യോഗം ചേർന്നാണ് ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിരുന്നത്.
ആശുപത്രിയിലെ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സിയില്ലാതെയെന്ന് കണ്ടെത്തി. തീപിടിത്തമുണ്ടായാല്‍ തടയാൻ കുറ്റമറ്റ സംവിധാനങ്ങളൊന്നും ഈ കെട്ടിടങ്ങളിലില്ല. നിലവില്‍ ഒ.പി ബ്ലോക്കില്‍ മാത്രമാണ് അഗ്നിസുരക്ഷാ സംവിധാനമുള്ളത്.
എന്നാല്‍ ഈ കെട്ടിടത്തിനുപോലും അഗ്നിസുരക്ഷ വിഭാഗം ഫയര്‍ എന്‍.ഒ.സി നല്‍കിയിട്ടില്ല. വര്‍ഷത്തില്‍ രണ്ടുതവണ ആശുപത്രിയില്‍ ഫയര്‍ ഓഡിറ്റ് നടക്കുന്നുണ്ടെങ്കിലും ഫയര്‍ റസ്ക്യൂ അധികൃതര്‍ നിര്‍ദേശിക്കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് കാരണം. ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ ഒരുഭാഗത്തെ ഹാന്‍ഡ് റെയിലിന് ഉയരമില്ലാത്തതും ഹാന്‍ഡ് റെയിലുകള്‍ തമ്മില്‍ അകലം ക്രമീകരിക്കാത്തതും അപകടങ്ങള്‍ക്കിടയാക്കുമെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഹരിക്കുകയും സിവില്‍ പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ മാത്രമേ ഈ കെട്ടിടത്തിന് എന്‍.ഒ.സി നല്‍കാനാകൂവെന്ന് ഫയര്‍സേഫ്റ്റി അധികൃതര്‍ പറഞ്ഞു.
അതേസമയം അത്യാഹിത വിഭാഗത്തിലും സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും ബി ബ്ലോക്കിലുമൊന്നും അഗ്നിസുക്ഷാ ക്രമീകരണങ്ങള്‍ നിലവിലില്ല. ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാൻ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.