സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് വഴി മേലാക്കത്തെ വീട്ടിലേക്ക് പാചക വാതക കണക്ഷൻ നൽകുന്നു
മഞ്ചേരി: ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പൈപ്പ് വഴി പ്രകൃതിവാതകം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി മഞ്ചേരിയിൽ തുടങ്ങി. നഗരസഭയിലെ ഏഴാം വാർഡായ മേലാക്കത്തെ ലെസ്റ്റർ ദേവദാസിന്റെ വീട്ടിലേക്കാണ് ജില്ലയിൽ ആദ്യമായി പൈപ്പ് വഴി ഗ്യാസ് എത്തിയത്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഐ.ഒ.എ.ജി.പി.എൽ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നറുകരയിലെ ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്കിഡിൽനിന്ന് (ഡി.ആർ.എസ്) പൈപ്പ് വഴി നഗരത്തിലേക്കെത്തിക്കും. പിന്നീട് നഗരസഭയുടെ റോഡിലൂടെ 20 എം.എം പൈപ്പ് വഴിയാണ് വീടുകളിലേക്കെത്തിക്കുക. വാട്ടർ കണക്ഷൻ മാതൃകയിൽ മീറ്ററുകൾ സ്ഥാപിച്ച് അടുക്കളയിലേക്ക് നേരിട്ട് ലൈൻ സ്ഥാപിക്കും. ഉപയോഗത്തിനനുസരിച്ച് മാത്രം പണം നൽകിയാൽ മതി.
വാർഡിലെ 94 വീടുകളിൽനിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് അദാനി ഗ്യാസ് അധികൃതർ പറഞ്ഞു. രണ്ടുദിവസത്തിനകം 18 കണക്ഷൻ കൂടി നൽകും. മഞ്ചേരി നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത്, 11 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. മഞ്ചേരിയിൽ 1000 വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനാണ് ലക്ഷ്യം. എൽ.പി.ജിയേക്കാൾ വില കുറയുമെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ 24 മണിക്കൂറും ഗ്യാസ് ലഭിക്കും. ഗ്യാസ് സിലിണ്ടർ മാറ്റേണ്ട ആവശ്യം വരികയില്ല. ലീക്ക് സംഭവിച്ചാലും അപകട സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെട്ടു.
പദ്ധതിയുടെ രണ്ടാംഘട്ടമായി മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി, പെരിന്തൽമണ്ണ നഗരസഭകളിലും നടപ്പാക്കും. അസോസിയേറ്റ് മാനേജർ എം.ആർ. ഹരികൃഷ്ണ, അസി. മാനേജർ വി.പി. ശിവപ്രസാദ്, സീനിയർ എൻജിനീയർ പി. സന്തോഷ്, അസ്ലം ബഷീർ, ഇൻസ്പെക്ടർ മുഹമ്മദ് ഇർഫാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.