മഞ്ചേരിയിൽ ജനറൽ ആശുപത്രി അനുവദിക്കാൻ നിർവാഹമില്ലെന്ന് ആരോഗ്യവകുപ്പ്

മഞ്ചേരി: ജില്ലയുടെ ജനറൽ ആശുപത്രിയെന്ന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തി സംസ്ഥാന സർക്കാർ. മഞ്ചേരിയിൽ ജനറൽ ആശുപത്രി അനുവദിക്കാൻ നിർവാഹമില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എയെ രേഖാമൂലം അറിയിച്ചു.

കഴിഞ്ഞ വർഷം മേയ് 28ന് എം.എൽ.എ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനാണ് ഒരു വർഷത്തിന് ശേഷം നിരാശപ്പെടുത്തുന്ന മറുപടി ലഭിച്ചത്. ഏറനാട് താലൂക്കിൽ മലപ്പുറത്തും അരീക്കോട്ടുമായി രണ്ട് താലൂക്ക് ആശുപത്രികൾ പ്രവർത്തിക്കുന്നു എന്നതാണ് ജില്ലക്ക് ജനറൽ ആശുപത്രി അനുവദിക്കാതിരിക്കാൻ സർക്കാർ നിരത്തുന്ന ന്യായം.

കിഫ്ബിയിൽ ഉൾപ്പെടുത്തി അരീക്കോട് താലൂക്ക് ആശുപത്രി നവീകരിക്കുമ്പോൾ കൂടുതൽ സൗകര്യം ലഭിക്കുമെന്നും കത്തിലുണ്ട്. ഇതിന് പുറമെ മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും സേവനം ലഭിക്കുന്നതിനാൽ എന്തിനാണ് ജനറൽ ആശുപത്രിയെന്നും സർക്കാർ ചോദിക്കുന്നു. ഒരു ജനറൽ ആശുപത്രിയിൽനിന്ന് ലഭിക്കുന്നതിനേക്കാൾ മികച്ച സേവനമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു. മഞ്ചേരിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് സർക്കാറിന്‍റെ വിചിത്രമായ മറുപടി എന്നതും ശ്രദ്ധേയം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലക്ക് സ്വന്തമായി ജനറൽ ആശുപത്രി പോലും ഇല്ല. 2013ൽ നിലവിലെ ജനറൽ ആശുപത്രിയാണ് മെഡിക്കൽ കോളജാക്കി ഉയർത്തിയത്. പുതുതായി നിർമിച്ച മാതൃശിശു ആശുപത്രിയുടെ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് മെഡിക്കൽ കോളജ് ആരംഭിച്ചത്. ജനറൽ ആശുപത്രി ചെരണിയിലേക്ക് മാറ്റിസ്ഥാപിക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ 10 കോടി രൂപ നീക്കിവെച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

സൂപ്രണ്ട് ഉൾപ്പെടെ 60ഓളം ഡോക്ടർമാരും ജീവനക്കാരും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് ജനറൽ ആശുപത്രിയുടെ പേരിലാണ്. എന്നാൽ, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ജനറൽ ആശുപത്രിയുടെ സേവനം ലഭിക്കുന്നില്ല.

Tags:    
News Summary - General hospital will not allow in Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.