മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരുടെ സേവന കാലാവധി പൂർത്തിയായതോടെ പ്രതിസന്ധി. പകരം നിയമിക്കേണ്ട നാലാം വർഷ മെഡിക്കൽ വിദ്യാർഥികളുടെ പരീക്ഷ കഴിയാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും. പുതിയ ബാച്ച് എത്താത്തതിനാൽ മെഡിക്കൽ കോളജിൽ ശനിയാഴ്ച മുതൽ 75 ഹൗസ് സർജൻമാരുടെ കുറവ് അനുഭവപ്പെടും.
അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കമ്യൂണിറ്റി മെഡിസിൻ, സൂപ്പർ സ്പെഷാലിറ്റി എന്നീ വിഭാഗങ്ങളിൽ പ്രയാസം നേരിട്ടേക്കും. അത്യാഹിത വിഭാഗത്തിൽ പലപ്പോഴും പി.ജി വിദ്യാർഥികളും ഹൗസ് സർജന്മാരുമാണുള്ളത്. 2019 എം.ബി.ബി.എസ് ബാച്ചിന്റെ സേവന കാലാവധിയാണ് ഇപ്പോൾ പൂർത്തിയായത്. 2020 ബാച്ച് വിദ്യാർഥികൾ നാലാംവർഷ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസുമാരായി സേവനം ആരംഭിക്കേണ്ട സമയമാണിത്. എന്നാൽ, ഇവരുടെ പ്രാക്ടിക്കൽ പരീക്ഷയും മെഡിക്കൽ കമീഷന്റെ താൽക്കാലിക രജിസ്ട്രേഷനും പൂർത്തിയാകണം. എങ്കിൽ മാത്രമേ ഇവർക്ക് ഹൗസ് സർജൻസുമാരാകാൻ സാധിക്കൂ.
ആരോഗ്യ സർവകലാശാലയാണ് പരീക്ഷ നടത്തേണ്ടത്. ഇനി ആരോഗ്യ സർവകലാശാല പരീക്ഷ തീയതി പ്രഖ്യാപിച്ച് നടപടികൾ പൂർത്തിയാക്കാൻ മൂന്നുമാസമെങ്കിലും കാത്തിരിക്കണം. ഇത്രയും സമയം സേവനം ചെയ്യാൻ നിലവിലുള്ള ഹൗസ് സർജൻസുമാരുടെ കാലാവധി നീട്ടാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. നിലവിൽ 27,500 രൂപയാണ് ഹൗസ് സർജൻസുമാർക്ക് സ്റ്റൈപൻഡ് ഇനത്തിൽ നൽകാറുള്ളത്.
ഈ തുകക്ക് ഇനി തുടരാൻ തയാറല്ലെന്ന് ഹൗസ് സർജൻസുമാർ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. സ്റ്റൈപൻഡിന് പകരം വേതനം ഇനത്തിൽ 45,000 രൂപയെങ്കിലും നൽകി ഹൗസ് സർജൻസുമാരെ നിലനിർത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു.
മഴക്കാല രോഗങ്ങൾ മൂലം രോഗികളുടെ എണ്ണം വർധിച്ച ഘട്ടത്തിൽ ഹൗസ് സർജൻസുമാരുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കും. ഒ.പിയിലെത്തുന്ന രോഗികൾക്കും പ്രയാസം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.