ഡി.ടി.പി.സി ഹാൾ
മലപ്പുറം: ജില്ല ആസ്ഥാനത്ത് കുറഞ്ഞ വാടകയിൽ സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ളവക്ക് വേദിയായിരുന്ന കോട്ടക്കുന്ന് ഡി.ടി.പി.സി ഹാൾ ഇനിയും തുറക്കാനായില്ല.തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള വെയർ ഹൗസാണ് ഒന്നര വർഷത്തോളമായി ഡി.ടി.പി.സി ഹാൾ. തെരഞ്ഞെടുപ്പ് കമീഷന് വോട്ടിങ് യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി വലിയ തുക ചെലവിട്ട് സിവിൽ സ്റ്റേഷനിൽ കോടതിക്ക് സമീപം പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം തുറക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ കഴിഞ്ഞ ആഴ്ച യോഗം ചേർന്നതായും ഉടൻ എൻ.ഒ.സി ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കലക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു. എൻ.ഒ.സി ലഭിച്ചശേഷം മാത്രമേ ഇപ്പോൾ ഡി.ടി.പി.സി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങൾ വെയർ ഹൗസിലേക്ക് മാറ്റാൻ സാധിക്കു.
നഗരത്തിൽ 10,000 രൂപക്ക് താഴെ വാടകക്ക് ലഭിക്കുന്ന അത്യാവശ്യം സൗകര്യമുളള ഹാളാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ ഉടമസ്ഥതയിലുള്ള ഹാൾ. ഇവിടെ ആറായിരത്തോളം രൂപ മാത്രമാണ് വാടക വരുന്നത്. കോട്ടക്കുന്നിന് സമീപത്തായതിനാൽ നിരവധി സാംസ്കാരിക പരിപാടികൾക്കും വേദിയാകാറുണ്ട്. വിവിധ സർക്കാർ പരിപാടികളും ഇവിടെ നടക്കാറുണ്ട്. ഇതിനോട് ചേർന്നാണ് കോട്ടക്കുന്ന് ആർട്ട് ഗാലറിയും സ്ഥിതിചെയ്യുന്നത്.
ഹാൾ വാടകക്ക് നൽകാത്തതിനാൽ ഈ ഇനത്തിൽ ലഭിച്ചിരുന്ന വരുമാനവും ഡി.ടി.പി.സിക്ക് നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിന് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ടൗൺഹാളിലാണ് നടത്തിയത്.സ്വന്തം ഹാളുണ്ടായിട്ടും സ്വന്തം പരിപാടികൾക്ക് മറ്റ് ഹാളിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഡി.ടി.പി.സി. നിരവധി പേർ പരിപാടികൾക്കായും ഡി.ടി.പി.സിയിൽ അന്വേഷിച്ചെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.