മലപ്പുറം: സി.പി.എം ഇത്തവണ മലപ്പുറത്തും പൊന്നാനിയിലും കളത്തിലിറക്കുന്നത് പുതുമുഖങ്ങളെ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മലപ്പുറത്തും മുൻ മുസ്ലിംലീഗ് നേതാവ് കെ.എസ്. ഹംസ പൊന്നാനിയിലും ഇടത് സ്ഥാനാർഥികളാകും. പൊന്നാനിയിൽ കെ.എസ്. ഹംസയെ പൊതുസ്വതന്ത്രനായാണ് കളത്തിലിറക്കുക.
ഔദ്യോഗിക പ്രഖ്യാപനം 27നേ വരൂ. മുസ്ലിംലീഗ് മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായ കെ.എസ്. ഹംസ, ചെറുതുരുത്തി തൊഴുപ്പാടം സ്വദേശിയാണ്. നേരത്തെ, തൃശൂർ ജില്ല മുസ്ലിംലീഗ് പ്രസിഡന്റായിരുന്നു. അച്ചടക്കലംഘനം ആരോപിച്ച് കഴിഞ്ഞ മാർച്ചിലാണ് ഹംസയെ ലീഗ് പുറത്താക്കിയത്. സംസ്ഥാന സെക്രട്ടറിയായിരിക്കെ, പ്രവർത്തക സമിതിയിൽ കെ.എസ്. ഹംസയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ലീഗ് വിമതൻ എന്ന നിലക്കുള്ള വോട്ടുകൾ ഹംസക്ക് സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കോഴിക്കോട് കൊടിയത്തൂർ സ്വദേശിയാണ് യുവ നേതാവായ വി. വസീഫ്. വി.പി. സാനു, ഇ. അഫ്സൽ എന്നിവരുടെ പേരുകളും സി.പി.എം മലപ്പുറത്തേക്ക് പരിഗണിച്ചിരുന്നു.
മൂന്നാംസീറ്റിന് വേണ്ടി യു.ഡി.എഫിൽ സമ്മർദ്ദം തുടരുന്നതിനിടെ, സിറ്റിങ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനേയും എം.പി. അബ്ദുസമദ് സമദാനിയേയും വീണ്ടും മത്സരിപ്പിക്കാൻ ലീഗിൽ ധാരണയായിട്ടുണ്ട്. മൂന്നാംസീറ്റ് ലഭിച്ചാൽ യുവനേതാക്കളെ പരിഗണിക്കും.
മൂന്ന് തവണയായി പൊന്നാനിയെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തും എം.പി. അബ്ദുസമദ് സമദാനിയെ പൊന്നാനിയിലും മത്സരിപ്പിക്കുകയെന്ന സാധ്യത ലീഗിന്റെ സജീവ പരിഗണനയിലാണ്. അടുത്ത ദിവസം ചേരുന്ന നേതൃയോഗത്തിൽ മലപ്പുറം, പൊന്നാനി സീറ്റുകൾ വെച്ചുമാറുമോയെന്നതടക്കം അന്തിമ തീരുമാനമുണ്ടാകും.
വയനാട് രാഹുൽ ഗാന്ധി തന്നെ വീണ്ടും മത്സരിക്കുമെന്നാണ് എ.ഐ.സി.സിയിൽ നിന്ന് ഇതുവരെയുള്ള സൂചന. അവിടെ സി.പി.ഐ സ്ഥാനാർഥി തീരുമാനവും വൈകാതെ വരും. 25ന് സി.പി.ഐ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ല കൗൺസിലുകൾ വെവ്വേറെ ചേർന്ന് വയനാട്ടിലേക്കുള്ള സ്ഥാനാർഥിയുടെ പേരുകൾ ശിപാർശ ചെയ്യും. 26ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് സംസ്ഥാന കൗൺസിലും ചേർന്ന് സ്ഥാനാർഥിയെ അന്തിമമായി തീരുമാനിക്കും. 27ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.