വലിയവരമ്പിലെ കുട്ടനും കുടുംബത്തിനും മലപ്പുറം നഗരസഭ സൗജന്യമായി അനുവദിച്ച പാമ്പാട് ഫ്ലാറ്റ് കൈമാറാനെത്തിയ ചെയർമാൻ മുജീബ് കാടേരി മധുരം നൽകുന്നു
മലപ്പുറം: വലിയവരമ്പിൽ പൊളിഞ്ഞുവീഴാറായ വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിച്ചിരുന്ന കുടുംബം ഇനി സുരക്ഷിത ഭവനത്തിൽ. ഇവർക്ക് നഗരസഭ പാമ്പാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ സൗജന്യമായി താമസ സൗകര്യം ഒരുക്കി. മലപ്പുറം വലിയപറമ്പ് സ്വദേശിയായ കുട്ടനും ഭാര്യ ജയയും കൈക്കുഞ്ഞുങ്ങളായ രണ്ടു പെണ്‍കുട്ടികളുമാണ് പുതിയ വീട്ടിലേക്ക് മാറിയത്. സൗകര്യപ്രദമായ ജീവിത സാഹചര്യം ഇല്ലാത്തതിനാല്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാന പ്രകാരം ആറു മാസമായി തവനൂര്‍ മഹിള മന്ദിരത്തിലായിരുന്നു താമസം.
കുട്ടന്റെ കുടുംബം ആക്രിസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വില്പന നടത്തി ഉപജീവനം നടത്തി വരികയായിരുന്നു. ആറു മാസം മുമ്പ് ജയയെയും രണ്ടുമക്കളെയുമാണ് മഹിള മന്ദിരത്തിലേക്ക് മാറ്റിയത്. ഇതോടെ ഒറ്റക്ക് താമസിച്ചിരുന്ന കുട്ടന് ഉപജീവനത്തിനും ഭക്ഷണത്തിനും ഗതിയില്ലാതെ ദുരിതസാഹചര്യത്തിലായിരുന്നു. കുട്ടനോടൊപ്പം ഭാര്യയെയും മക്കളെയും തിരിച്ച് അയക്കുന്നതിന് സാങ്കേതികമായി സാധ്യമല്ലെന്ന നിലപാടിലായിരുന്നു അധികൃതർ. താമസിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ഉള്‍പ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പിന്നീട് നഗരസഭ ചെയർമാൻ മുജീബ് കാടേരിക്കും നൽകി. തുടർന്ന് നഗരസഭ ഭരണസമിതി തീരുമാനപ്രകാരമാണ് പാമ്പാട് ഫ്ലാറ്റിലേക്ക് താമസം മാറിയത്. നഗരസഭ തയാറാക്കിയ വാഹനത്തില്‍ കുട്ടനെയും ഭാര്യയെയും രണ്ട് മക്കളെയും തവനൂർ മഹിള മന്ദിരത്തില്‍നിന്ന് സ്വീകരിച്ച് പാമ്പാട് ഹൗസിങ് കോളനിയില്‍ അനുവദിച്ച ഫ്ലാറ്റിലേക്ക് എത്തിക്കുകയായിരുന്നു.
ഫ്ലാറ്റ് കൈമാറ്റം ബുധനാഴ്ച ഉച്ചയോടെ ചെയർമാൻ മുജീബ്കാടേരി നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ, ശിഹാബ് മൊടയങ്ങാടാന്‍, സി.കെ. സഹീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശംസുദ്ദീന്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.