കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി കരിപ്പൂരിൽ യാത്രികന്‍ പിടിയില്‍

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി.

തിരൂര്‍ ആലത്തിയൂര്‍ സ്വദേശി അരങ്ങത്ത് പറമ്പില്‍ അന്‍വര്‍ അലിയാണ് (32) വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റ് പരിസരത്തുനിന്ന് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.

മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച 852 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അബൂദബിയില്‍ നിന്നെത്തിയ അന്‍വര്‍ അലി എയര്‍ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുനടത്തിയ എക്‌സ്റേ പരിശോധനയിലാണ് സ്വര്‍ണമിശ്രിതമടങ്ങിയ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചതായി കണ്ടെത്തിയത്.

മൂന്ന് കാപ്‌സ്യൂളുകള്‍ സഹിതം യുവാവിനെ തുടരന്വേഷണത്തിനായി കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഇയാളെ കൂട്ടിക്കൊണ്ടുപോകാനായി വിമാനത്താവള പരിസരത്തെത്തിയവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെയും നിയമത്തിനുമുന്നില്‍ എത്തിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാല മോഷണം: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

പരപ്പനങ്ങാടി: സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 16 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. 2006 ജനുവരി 26, ഫെബ്രുവരി നാല് തീയതികളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ചക്കുംകടവിലെ സലീമിനെയാണ് (42) കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അരിയല്ലൂർ സ്വദേശിനിയുടെ നാല് പവന്‍റെയും പരപ്പനങ്ങാടി സ്വദേശിനിയുടെ അഞ്ച് പവന്‍റെയും മാല കവർന്നതിന് 2006ൽ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണക്ക് ഹാജരാകാതിരുന്നതിനാൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ബിജേഷ്, ഡാൻസാഫ് ആൽബിൻ, അഭിമന്യു, വിപിൻ, സബറുദ്ദീൻ, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് സി.ഐ ഹണി കെ. ദാസ് അറിയിച്ചു.

Tags:    
News Summary - With gold smuggled through customs Traveler arrested in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.