ഈ മനുഷ്യത്വം ലോകർക്ക് മാതൃക; ദുരന്തഭൂമിയിലെ പ്രവാചകൻമാരേ, നന്ദി!

കൊണ്ടോട്ടി: കരിപ്പൂരിലെ വിമാനപകടത്തില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാര്‍ക്ക് ഹൃദയഹാരിയായ കുറിപ്പുമായി കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. പ്രദേശവാസികളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത് കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കുറക്കാനായതെന്ന് എം.എല്‍.എ പറയുന്നു.

എം.എല്‍.എയുടെ കുറിപ്പ്:

ദുരന്തഭൂമിയിലെ പ്രവാചകൻമാരേ, നന്ദി!

മനസ്സിൽ നിന്നും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകൾ എത്ര ശ്രമിച്ചിട്ടും കൺമുന്നിൽ നിന്നും മാഞ്ഞു പോകുന്നില്ല.

ഒരു നാടു തന്നെ കത്തിച്ചാമ്പലാക്കാൻ ഹേതുവാകുമായിരുന്ന വിമാനാപകടം!

ഓർക്കുമ്പോൾ പിന്നെയും പിന്നെയും തികട്ടിവരുന്നു ഭയാനക ചിത്രങ്ങൾ! നാട്ടുകാരുടെ അവസരോചിതമായ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിതവും തുലോം കുറയ്ക്കാനായത് . കണ്ടയിൻമെൻറ് സോൺ ആയിട്ടു പോലും കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പോലീസ്, അഗ്നിശമനസേന അംഗങ്ങളെയും ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ദുരന്തം നടന്നതു മുതൽ അവസാനത്തെ യാത്രക്കാരനെയും പുറത്തെടുക്കുന്നതുവരെയും സത്യസന്ധമായി വാർത്തകൾ റിപ്പോർട്ടു ചെെയ്യാനും ചിത്രങ്ങൾ പകർത്താനുമെത്തിയ മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും ജനപ്രതിനിധികളെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുകയാണ്.ദുരന്തത്തിൽ മരണമടഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു;

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ വിവിധ മേഖലകളിലെഓരോരുത്ത രോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഈ നാട് ഇങ്ങനെയാണ്.ഈ ആധുനിക യുഗത്തിലും മനുഷ്യപ്പറ്റ് മരിച്ചിട്ടില്ലാത്തവരുടെ സ്വന്തം നാട് .പച്ചപ്പും ആർദ്രതയും പ്രകൃതിയിലെന്ന പോലെ മനുഷ്യ മനസ്സിലും ഇടം പിടിച്ചവരുടെ നാട് .സ്നേഹവും ഊഷ്മളതയും അളവില്ലാതെ കോരിക്കൊടുക്കുന്നവരുടെ ദേശം.

ഇവിടെ ജനിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ മണ്ണിന്റെ മണമറിയാൻ കഴിയുന്നതിൽ, ഈ പച്ചപ്പിന്റെ തണലറിയാനാകുന്നതിൽ ഇവിടത്തുകാരുടെ ജന പ്രതിനിധിയാകാൻ സാധിച്ചതിൽ ഞാൻ പുളകമണിയുന്നു.

ദുരന്തമുഖത്ത് കാഴ്ചക്കാരാവുന്നതിന് പകരം, ദുരന്ത ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതിന് പകരം എത്ര പേരാണ് രക്ഷകരായത്! നോക്കി നിൽക്കാതെ എല്ലാവരും അവരവരാൽ കഴിയുന്ന രീതിയിലൊക്കെ ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആംബുലൻസുകൾ വരുന്നത് കാത്ത് നിൽക്കാതെ സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും വഴിയൊരുക്കാനുമൊക്കെ ധൃതിപ്പെട്ടത് ആരുടെയും കൽപനക്ക് കാതോർക്കാതെയാണ്.

കൊണ്ടോട്ടിയുടെ ഒരു ഭാഗത്ത് പ്രളയത്തിന്റെ ദുരന്തങ്ങൾ നേരിൽ കണ്ട ശേഷം പ്രളയത്തിൽ വേദനയും നഷ്ടങ്ങളും സഹിച്ചവരെ ആശ്വസിപ്പിച്ച് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം മറ്റൊരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ പറന്നിറങ്ങിയത്.

മഴയും മോശം കാലാവസ്ഥയും വെളിച്ചക്കുറവും. പോരാത്തത്തിന് കോവിഡ് ഭീതിയും കണ്ടയിൻമെന്റ് സോൺ എന്ന മുദ്രയും. അങ്ങാടികളും റോഡുകളുമൊക്കെ അടച്ച് ലോക്ക് ഡൗണിന്റെ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്ന നാട്ടുകാർ വിമാനദുരന്തമുണ്ടായ ശേഷം നിമിഷ നേരം കൊണ്ടാണ് ഒഴുകിയെത്തിയത്. കേട്ടവർ കേട്ടവർ പാഞ്ഞടുത്തത് ഒരു ജീവനെങ്കിലും രക്ഷപ്പെടട്ടെയെന്ന പ്രാർത്ഥനയോടെയും .

ദുരന്തമുഖത്ത് നിന്നും അപകടത്തിൽ പെട്ടവരെയും ജീവൻ നിലച്ച വരെയും താങ്ങിയെടുത്ത് കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനുള്ള ബദ്ധപ്പാടിൽ ആരും കൊറോണയെ ഭയപ്പെട്ടില്ല. അകലം പാലിച്ചില്ല. കണ്ടൈൻമെൻറ് സോൺ എന്ന നിയമ മോർത്തില്ല. സാനിറ്റൈസർ തിരഞ്ഞില്ല. വിലപ്പെട്ട ജീവന്റെ തുടിപ്പുകൾ തിരിച്ചു കിട്ടട്ടെയെന്ന ഒരൊറ്റ ചിന്തയിൽ കൈമെയ് മറന്ന് രംഗത്തിറങ്ങുകയായിരുന്നു.

കൊണ്ടോട്ടിയുടെ ഈ കരുതലിന്, മലപ്പുറത്തിന്റെ ഈ കാരുണ്യപ്പെയ്ത്തിന് പ്രിയപ്പെട്ടവരേ നിങ്ങളോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുങ്ങുന്നതല്ല.

ഈ മനുഷ്യത്വം ലോകർക്ക് മാതൃകയാണ്. ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതുമാണ്.

കാലമേറെ കഴിഞ്ഞാലും ദുരന്തമുഖത്തെ മലപ്പുറത്തിന്റെ പ്രകടനങ്ങൾ മാലോകരാൽ വാഴ്ത്തപ്പെടും. മലപ്പുറത്തിന്റെ വീരഗാഥകൾ അയവിറക്കും.

ടി.വി ഇബ്രാഹീം എം.എൽ.എ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.