കരിപ്പൂരിൽ റെസ നീളംകൂട്ടാൻ ആലോചന

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളംകൂട്ടുന്നതിന് ആലോചന. നിലവിലുള്ള റൺവേ പൂർണമായി നിലനിർത്തി റെസ നീളംകൂട്ടുന്നതു സംബന്ധിച്ച ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ചു. നേരത്തേ, റൺവേ നീളംകുറച്ച് റെസ വർധിപ്പിക്കാനായിരുന്നു നീക്കം. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ അതോറിറ്റി പിൻവലിയുകയായിരുന്നു.

റൺവേയുടെ രണ്ട് അറ്റത്തും റെസ 90 മീറ്ററാണുള്ളത്. ഇത് 240 മീറ്ററായി വർധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശം. ഇതിനായി രണ്ടു ഭാഗത്തും 150 മീറ്ററാണ് പുതുതായി നിർമിക്കേണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ്, പ്രായോഗികത, പദ്ധതി ചെലവ്, കാലതാമസം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് അതോറിറ്റി പരിശോധിക്കുന്നത്. നിലവിൽ റൺവേ 28ന്‍റെ വശത്ത് നെടിയിരുപ്പ് ഭാഗത്ത് അതോറിറ്റിയുടെ ഉടമസ്ഥയിൽ സ്ഥലമുണ്ട്.

റൺവേ 10ൽ 150 മീറ്റർ നീട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. റെസ നീളംകൂട്ടുന്നതോടെ റൺവേ പൂർണമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് നേട്ടം. റൺവേ 2860 മീറ്റർ നീളമുണ്ടെങ്കിലും ഇപ്പോൾ 2700 മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്ന നീളം. ബാക്കി 150 മീറ്റർ റെസയായാണ് പരിഗണിക്കുന്നത്. റെസ ദീർഘിപ്പിക്കുന്നതോടെ 2860 മീറ്റർ റൺവേയും ഉപയോഗിക്കാം. 

Tags:    
News Summary - Plan to extend resa length in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.