കോഴിക്കോട് വിമാനത്താവള റോഡ് നവീകരിക്കാന്‍ പണം അനുവദിക്കും

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ബജറ്റില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അവഗണിച്ച പദ്ധതിക്ക് തുക നീക്കിവെക്കുമെന്ന് ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

കൊളത്തൂര്‍ ജങ്ഷന്‍ മുതല്‍ വിമാനത്താവളം വരെ എത്തുന്ന റോഡ് ആധുനിക രീതിയില്‍ നന്നാകുന്നതിന് തുക കണ്ടെത്തണമെന്ന ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ ആവശ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിക്ക് നൂറ് രൂപയുടെ ടോക്കണ്‍ പ്രൊവിഷന്‍ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രവൃത്തിക്കുള്ള തുക ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് കത്ത് നല്‍കിയിരുന്നു.

കേരളത്തില്‍ പൊതുമേഖലയിലുള്ള ഏക അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുയോജ്യമായ വിധം കമാനവും കൈവരിയും നടപ്പാതകളും ഉള്‍പ്പെടുത്തി വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് നല്‍കിയിരിക്കുന്നത്. 19 കോടി രൂപയുടെ പ്രൊപ്പോസലാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും എം.എല്‍.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.