കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ തട്ടകമായ കൊണ്ടോട്ടിയില്‍ അങ്കം മുറുകുമ്പോള്‍ ജനവിധി ഇത്തവണയും പ്രവചനാതീതമാകുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ കക്ഷികളും മത്സരരംഗത്ത് സജീവമാണ്. മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളാലും ഭരണമുന്നണിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളാലും ജനകീയ കൂട്ടായ്മകളുടെ ശക്തമായ ഇടപെടലുകളാലും ശ്രദ്ധേയമായ കൊണ്ടോട്ടിയില്‍ ജനഹിതം ആര്ക്കൊപ്പമാകുമെന്നതില് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
2015ല്‍ കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്ത് രൂപീകൃതമായ കൊണ്ടോട്ടി നഗരസഭയുടെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്. രൂപീകൃത കാലം മുതല്‍ സങ്കീർണ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു ഇവിടെ. മുസ് ലിം ലീഗിന്റെ ശക്തിദുര്‍ഗമായ കേന്ദ്രമായിരുന്നെങ്കിലും 2015 ലെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ ലീഗിന് അടിതെറ്റി. ആകെയുണ്ടായിരുന്ന 40 സീറ്റുകളില്‍ 19 സീറ്റുകളില്‍ ലീഗും 10 സീറ്റുകളില്‍ കോണ്‍ഗ്രസും 9 സീറ്റുകളില്‍ സി.പി.എമ്മും ഒന്ന് വീതം സീറ്റുകളില്‍ സി.പി.ഐ, എസ്.ഡി.പി.ഐ പാർടികളുമാണ് വിജയിച്ചത്. യു.ഡി.എഫിലെ ഭിന്നത മുതലെടുത്ത് കോണ്‍ഗ്രസ് പ്രതിനിധികളെ കൂട്ടുപിടിച്ച് മതേതര വികസന മുന്നണിയെന്ന പേരില്‍ എൽ.ഡി.എഫ് ഭരണം പിടിച്ചു. കോണ്‍ഗ്രസിലെ സി. നാടിക്കുട്ടിയായിരുന്നു ആദ്യ ചെയര്മാന്.
രണ്ടര വര്‍ഷം പിന്നിട്ടതോടെ 2018ല്‍ നാടകീയ സംഭവവികാസങ്ങള്‍ക്ക് കൊണ്ടോട്ടി വേദിയായി. വികസന മുന്നണിയിലെ ധാരണപ്രകാരം ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഒഴിഞ്ഞതോടെ സി.പി.ഐയിലെ അഡ്വ. കെ.കെ. സമദ് ആക്ടിങ് ചെയര്‍മാനായി. പിന്നീട് നടന്ന ചെയര്പേഴ്സൻ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പറമ്പീരി ഗീത അധ്യക്ഷയായെങ്കിലും എസ്.ഡി.പി.ഐ പിന്തുണയോടെയായിരുന്നു വിജയമെന്നതിനാല്‍ ഒരു മണിക്കൂറിനകം സ്ഥാനം രാജിവെച്ചു. പിന്നീട് ചെയര്പേഴ്സൻ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ യു.ഡി.എഫിലേക്ക് തിരികെ പോയതോടെ വികസന മുന്നണിക്ക് ഭരണം നഷ്ടമാകുകയും യു.ഡി.എഫ് ഭരണസമിതി അധികാരത്തില്‍ വരികയും ചെയ്തു. ആദ്യ ആറ് മാസം കോണ്‍ഗ്രസിലെ സി. നാടിക്കുട്ടിയും പിന്നീട് ലീഗിലെ കെ.സി. ഷീബയുമായിരുന്നു അധ്യക്ഷരായത്.
2020 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് - കോണ്‍ഗ്രസ് സഖ്യം ഭരണം നിലനിര്‍ത്തിയെങ്കിലും 2024 ആഗസ്റ്റ് വരെ ചെയര്പേഴ്സൻ പദവി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നു. ഇവ പരിഹരിച്ച് ലീഗിന്റെ ആദ്യ ചെയര്പേഴ്സൻ ഫാത്തിമത്ത് സുഹറാബി സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസിലെ സി.എ. നിത ഷഹീര്‍ ചെയര്‍പേഴ്സണും ലീഗിലെ അഷ്റഫ് മഠാന്‍ വൈസ് ചെയര്‍മാനുമായി. 2020ല്‍ 23 സീറ്റുകളില്‍ ലീഗും ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും യു.ഡി.എഫിന് പിന്തുണ നല്കി. പ്രതിപക്ഷത്ത് സി.പി.എമ്മിനും സി.പി.ഐക്കും മൂന്ന് വീതം അംഗങ്ങളാണ്. രണ്ട് കോണ്‍ഗ്രസ് വിമതരുമുണ്ട്.
മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കെയാണ് ഇത്തവണത്തേയും തെരഞ്ഞെടുപ്പ്. നേരത്തെ 40 വാര്‍ഡുകളുണ്ടായിരുന്ന കൊണ്ടോട്ടിയില്‍ ഒരു വാര്‍ഡ് കൂടി കൂട്ടിച്ചേര്‍ത്ത് നിലവില്‍ 41 വാര്‍ഡുകളിലേക്കാണ് മത്സരം. യു.ഡി.എഫില്‍ 26 സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികളും 14 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.
ഇതില്‍ രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫിന് ശക്തമായ വിമതശല്യമുണ്ട്. രണ്ടാം വാര്‍ഡായ പനയംപറമ്പില്‍ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അഷ്റഫ് കാഞ്ഞിരക്കുന്നനെതിരെ നിലവില്‍ കൗണ്‍സിലറായ ലീഗിലെ വി.കെ. ഖാലിദും 14-ാം വാര്‍ഡ് ഒന്നാം മൈലില്‍ ലീഗ് സ്ഥാനാര്‍ഥി ശിഹാബുദ്ദീന് തറമ്മലിനെതിരെ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് മുള്ളുങ്ങലുമാണ് മത്സരരംഗത്തുള്ളത്.
എല്‍.ഡി.എഫില്‍ 34 സീറ്റുകളില്‍ സി.പി.എമ്മും ആറിടങ്ങളില്‍ സി.പി.ഐയും ഒരു സീറ്റില്‍ എന്‍.സി.പിയുമാണ് മത്സര രംഗത്തുള്ളത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ നാല് വാര്‍ഡുകളിലും എസ്.ഡി.പി.ഐ രണ്ട് വാര്‍ഡുകളിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.