കരിപ്പൂര്‍ ഭൂമിയേറ്റെടുക്കൽ പ്രതിഷേധം തണുപ്പിക്കാന്‍ ജനപ്രതിനിധികളെ കൂട്ടുപിടിക്കുന്നു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസത്തിനുള്ള ഭൂമി ഏറ്റെടുക്കലില്‍ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ജനപ്രതിനിധികളെ കൂട്ടുപിടിക്കാനൊരുങ്ങി ജില്ല ഭരണകൂടം. ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കഴിഞ്ഞ ദിവസം നെടിയിരുപ്പ് പാലക്കാപ്പറമ്പില്‍ നാട്ടുകാർ തടഞ്ഞിരുന്നു. ജനപ്രതിനിധികളുടെ അഭാവത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം പരിശോധന പൂര്‍ത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു. പാലക്കാപ്പറമ്പ് മേഖലയില്‍ ഏറ്റെടുക്കേണ്ട 7.5 ഏക്കര്‍ ഭൂമി സംബന്ധിച്ചുള്ള പ്രഥമ പരിശോധനക്ക് ജനപ്രതിനിധികളുടേയും പ്രാദേശിക രാഷ്ടീയ പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യം ഉദ്യോഗസ്ഥ സംഘം അഭ്യര്‍ഥിച്ചിരുന്നെങ്കിലും ജനരോഷം ശക്തമായതോടെ ഇവരാരും എത്തിയില്ല.

കഴിഞ്ഞദിവസം നെടിയിരുപ്പ് വില്ലേജിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ജില്ല കലക്ടറെ ധരിപ്പിച്ചിട്ടുണ്ട്. റണ്‍വേ സുരക്ഷിത മേഖലയായ റസയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18.5 ഏക്കര്‍ സ്ഥലമാണ് റണ്‍വേയുടെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്നായി ഏറ്റെടുക്കുന്നത്. കിഴക്കു ഭാഗത്ത് പാലക്കാപറമ്പില്‍ ഏറ്റെടുക്കുന്ന 7.5 ഏക്കര്‍ ഭൂമിയും പടിഞ്ഞാറ് ഭാഗത്തുനിന്ന് പള്ളിക്കല്‍ പഞ്ചായത്തില്‍നിന്ന് 11 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ പള്ളിക്കലിലെ പ്രാഥമിക പരിശോധന ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ത്തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇതേ മാതൃകയില്‍ നെടിയിരുപ്പ് വില്ലേജിലും പരിശോധന പൂര്‍ത്തിയാക്കാനാണ് നിലവില്‍ ശ്രമം. എന്നാല്‍ അശാസ്ത്രീയമായി നടക്കുന്ന സ്ഥലമേറ്റെടുപ്പ് അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്ഥലവാസികളും നാട്ടുകാരും. ജനപ്രതിനിധികളെ വിഷയം ധരിപ്പിച്ചു ജനങ്ങളെ വിശ്വാസത്തിലെടുത്തു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ ധാരണ. വിമാനത്താവള വികസനത്തിനായി നേരത്തെ ഏറ്റെടുത്ത ഭൂമി ഉപയോഗപ്രദമാക്കാതെ തദ്ദേശീയരെ കുടിയിറക്കുന്ന നയം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.