വൈറല്‍ പനിക്കൊപ്പം വയറിളക്കവും ടൈഫോയ്ഡും വര്‍ധിച്ചു

കൊണ്ടോട്ടി: മഴയടങ്ങിയതോടെ ജില്ലയില്‍ പനി പടരുന്നു. കോവിഡിനു സമാനമായ ലക്ഷണങ്ങളോടെയുള്ള വൈറല്‍ പനിയാണ് പൊതുജനാരോഗ്യത്തെ ബാധിക്കുന്നത്.ശരാശരി പതിനായിരക്കണക്കിന് പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നത്. ഇവര്‍ക്ക് കോവിഡ് പരിശോധന ഡോക്ടര്‍മാര്‍ നിർദേശിക്കുന്നുണ്ടെങ്കിലും ആരും തയാറാകുന്നില്ല. ഇക്കാര്യം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന സമ്പര്‍ക്ക വിഭാഗങ്ങളും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

സെപ്റ്റംബറിൽ ഇതുവരെ മാത്രം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം 40,625 പേരാണ് ജില്ലയില്‍ വൈറല്‍ പനി ബാധിച്ച് ഒ.പിയില്‍ ചികിത്സ തേടിയത്. ഇതില്‍ 736 പേര്‍ക്കുമാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ മരിച്ചു. പലപ്പോഴും മരണ ശേഷമാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. നിർദേശം നല്‍കിയാലും ഭൂരിഭാഗം പേരും പരിശോധനക്ക് തയാറാകുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന നിരീക്ഷണവും ജാഗ്രതയും ഇല്ലാതായതും പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. പനിയെ തുടര്‍ന്നെത്തുന്നവര്‍ മുഖാവരണം പോലും ധരിക്കാത്തത് മറ്റ് രോഗികള്‍ക്ക് സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധി തടയാനും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ സംവിധാനമില്ല.

മഴയൊതുങ്ങിയതോടെ പടരുന്ന പനിക്കൊപ്പം വയറിളക്ക രോഗവും ടൈഫോയ്ഡും വെല്ലുവിളി തീര്‍ക്കുന്നുണ്ട്.ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 8,074 പേര്‍ക്ക് വയറിളക്ക രോഗവും 30ല്‍ അധികം പേര്‍ക്ക് മഞ്ഞപ്പിത്തവും 22 പേര്‍ക്ക് ടൈഫോയ്ഡും പിടിപെട്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവരുടെ കണക്കുകൂടി പരിശോധിക്കുമ്പോള്‍ എണ്ണം ഇനിയും പെരുകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൊതുകു സാന്ദ്രത വര്‍ധിക്കുന്നതും ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകുന്നതുമാണ് പകര്‍ച്ച വ്യാധികള്‍ക്ക് പ്രധാന കാരണം. ആഴ്ചകള്‍ മുമ്പ് വരെ തുടര്‍ന്ന മഴയില്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകള്‍ മലിനമായിരുന്നു.ഇവ ശുദ്ധമാക്കി വീണ്ടെടുക്കാനുള്ള നടപടികള്‍ ശാസ്ത്രീയമായി നടന്നില്ല എന്നതും വെല്ലുവിളിയാണ്.പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയാണ് നിലവിലേത്. കൊതുകു സാന്ദ്രതകൂടി വര്‍ധിക്കുന്ന ഈ ഘട്ടത്തില്‍ ജനകീയ ബോധവത്കരണത്തോടെയുള്ള ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Diarrhea and typhoid increased along with viral fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.