28 കിഫ്ബി പദ്ധതികൾ കടലാസിലൊതുങ്ങി; തുടർനടപടികൾ നിലച്ചു

മലപ്പുറം: ജില്ലയിൽ പ്രാഥമികഘട്ടം പോലും പൂർത്തിയാക്കാതെ കിഫ്ബിയുടെ 28 പദ്ധതികൾ. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന് (കിഫ്ബി) വഴി വിവിധ വകുപ്പുകളിലായി ജില്ലയിൽ അനുവദിച്ച പദ്ധതികളാണ് ഇപ്പോഴും കടലാസിൽ വിശ്രമിക്കുന്നത്. കായിക വകുപ്പിന്റെ കീഴിലെ മൂന്ന് പദ്ധതികളും സാംസ്‌കാരിക വകുപ്പിന് കീഴിലെ രണ്ട് പദ്ധതികളും ഫിഷറീസ് വകുപ്പിന് കീഴിലെ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അഞ്ച് സ്‌കൂളുകളുടെ വികസനവും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നാല് ഗവ. കോളജുകളിലെ പശ്ചാത്തല സൗകര്യ വികസനവും പൊതുമരാമത്തിൽ ഏഴ് വിവിധ റോഡ്, മേൽപാലങ്ങളുടെ നിർമാണം, നവീകരണവും തദ്ദേശ വകുപ്പിന് കീഴിൽ ആറ് പദ്ധതികളും കിഫ്ബി വഴി നടപ്പാക്കാനുണ്ട്. കായികവകുപ്പിന് കീഴിൽ മഞ്ചേരി പയ്യനാട് ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാനുള്ള പദ്ധതിയിട്ടിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. പൊന്നാനി തീരം ഇൻഡോർ ആൻഡ് അക്വാട്ടിക് സ്‌പോർട്‌സ് കോംപ്ലക്‌സ്, ഈശ്വരമംഗലത്ത് കുട്ടികളുടെ സ്‌പോർട്‌സ് പാർക്ക് എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സാംസ്‌കാരിക വകുപ്പിന് കീഴിൽ മലപ്പുറത്ത് അബ്ദുറഹിമാൻ സാഹിബ് കൾച്ചറൽ കോംപ്ലക്‌സ്, താനൂർ തിയറ്റർ കോംപ്ലക്‌സ് എന്നിവ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ഘട്ടം പോലും കടന്നിട്ടില്ല. ഫിഷറീസ് വകുപ്പിന് കീഴിൽ പൊന്നാനി ഫിഷ് മാർക്കറ്റ് നവീകരണത്തിന് 1.70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ മലപ്പുറം പൊലീസ് സ്റ്റേഷൻ കിഴക്കേത്തല ചെത്തുപാലം ഫ്‌ളൈ ഓവർ, താനൂർ അഞ്ചുടി- കുണ്ടുങ്ങൽ ബ്രിഡ്ജ് എന്നിവക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. അഞ്ച് റോഡുകളുടെ നവീകരണം ടെൻഡർ നടപടികളിലാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് നിലമ്പൂർ, കെ.എം.ജി.യു.പി.എസ് തവനൂർ, ജി.യു.പി.എസ് തേഞ്ഞിപ്പലം, ജി.എം.യു.പി.എസ് ചോലക്കുണ്ട് എന്നീ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തിരൂർ തുഞ്ചൻ മെമോറിയൽ ഗവ. കോളജ്, ഗവ. കോളജ് മങ്കട, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് നിലമ്പൂർ, ഗവ. വനിത ആർട്‌സ് ആൻഡ് സയൻസ് കോളജ് മലപ്പുറം എന്നിവയുടെയും നവീകരണത്തിനും അനുമതിയായിട്ടുണ്ട്.

തദ്ദേശവകുപ്പിന് കീഴിൽ മൂത്തേടം, തുവ്വൂർ, വഴിക്കടവ് പഞ്ചായത്തുകളിലെ ക്രിമിറ്റോറിയം, വളാഞ്ചേരി നഗരസഭ ഓഫിസ് നിർമാണം, കോട്ടക്കൽ മാർക്കറ്റ് ആധുനികവൽക്കരണം, പെരിന്തൽമണ്ണ നഗരസഭയിലെ ആധുനിക അറവുശാല നിർമാണം എന്നിവയും കിഫ്ബിയുടെ പദ്ധതികളിലുണ്ട്. കിഫ്ബി പ്രഖ്യാപിച്ച 28 പദ്ധതികളിൽ ടെൻഡർ നടപടികൾ പൂർത്തിയായവയും നിർമാണാനുമതി നൽകിയവയുമെല്ലാമുൾപ്പെടുന്നുണ്ട്. പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്ത പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യമായ തുടർനടപടികളുമില്ലാത്തതാണ് പദ്ധതികൾ വൈകാൻ കാരണമെന്ന ആക്ഷേപമുണ്ട്.

Tags:    
News Summary - Malappuram KIIFB Crisis: 28 Projects Remain on Paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.