ചിങ്കക്കല്ല് ആദിവാസി കോളനിയിൽ വീട് പണി മുടങ്ങിക്കിടക്കുന്ന തറകൾ 

കലക്ടർ കനിഞ്ഞാൽ മാത്രം ചിങ്കക്കല്ലുകാർക്ക് വീട്

കാളികാവ്: വകുപ്പുകൾ പരസ്പരം പഴിചാരി വർഷം ഒമ്പത് കഴിയാറായിട്ടും ചിങ്കക്കല്ലിലെ ആദിവാസികളുടെ വീട് നിർമാണ ഫയൽ ഇപ്പോഴും ജില്ല കലക്ടറുടെ മേശപ്പുറത്ത് വിശ്രമത്തിൽ. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ ഗീതയുടെയും സരോജിനിയുടെയും വീട് നിർമാണമാണ് തറ നിർമാണം പൂർത്തിയായ നിലയിൽ ഒമ്പതുവർഷം പിന്നിട്ടത്. ഫയലുകളിൽ വിവിധ വകുപ്പ് ജീവനക്കാർ അടയിരുന്ന് ഒമ്പതുവർഷം തള്ളിനീക്കിയ ശേഷമാണ് കലക്ടറുടെ മേശപ്പുറത്തുള്ളത്.

2013ൽ ഐ.ടി.ഡി.പി സഹായത്തോടെയുള്ള തറ നിർമാണം ഒരുവർഷത്തിലേറെ നീണ്ടു. തറപ്പണി പൂർത്തിയായ സമയത്ത് സ്ഥലംമാറി വന്ന വനംവകുപ്പ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വനഭൂമിയിലാണ് വീട് നിർമിക്കുന്നതെന്ന് പറഞ്ഞ് നിർമാണം തടഞ്ഞു. ഈ കുരുക്കഴിക്കാൻ ആദിവാസികൾ ഇപ്പോഴും നെട്ടോട്ടമോടുകയാണ്.

തറ നിർമിച്ച ഭൂമിയുടെ അവകാശ രേഖ കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഒമ്പതു വർഷമായിട്ടും അധികൃതർക്കായിട്ടില്ല. രണ്ട് മുഖ്യമന്ത്രിമാർ, മൂന്ന് വനം മന്ത്രിമാർ, ഒമ്പത് വർഷത്തിനിടെ എത്തിയ ജില്ല കലക്ടർമാർ തുടങ്ങിയവർക്കൊക്കെ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. കാട്ടാനഭീതി നിലനിൽക്കുന്ന ഇവിടെ പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടിമറച്ച ഷെഡിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്.

2021 ആഗസ്റ്റിൽ എൻ.സി.പി പ്രവർത്തകർ ഇടപെട്ടതോടെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഡി.എഫ്.ഒ നേരിട്ട് കോളനിയിലെത്തി സർവേ നടപടികൾ പൂർത്തിയാക്കി. സ്ഥലമളന്ന് ഒരുവർഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾക്ക് ഒച്ചിന്‍റെ വേഗതയാണ്.

കലക്ടറുടെ ഒരു ഒപ്പിൽ പരിഹരിക്കേണ്ട വിഷയം മാത്രമാണ് ഇപ്പോഴുള്ളത്. കോളനിയിലെ ഗീതക്കും സരോജിനിക്കും മാത്രമല്ല പ്രളയത്തിലും പേമാരിയിലും വീട് തകർന്ന ശങ്കരനും വീടിനുള്ള സ്ഥലമളന്ന് േപ്ലാട്ടുകളാക്കിത്തിരിച്ചിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, സമ്മത പത്രം നൽകാത്തതിനാൽ പണി തുടങ്ങാനായിട്ടില്ല. ഫോറം എ യിൽ കോളനിക്കാർക്കുവേണ്ടി വകുപ്പ് മേധാവികളുടെ സാക്ഷ്യപ്പെടുത്തൽ കൂടിയേ വേണ്ടൂ. എന്നാൽ, ഈ ഫയലാണ് കലക്ടറുടെ മേശപ്പുറത്ത് വിരിയാതെ കിടക്കുന്നത്.


Tags:    
News Summary - Tribals of Chinkakal are in distress; The house construction file is still on the collector's desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.