പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുന്നു
കാളികാവ്: കടുവയെ പിടികൂടാൻ കേരള എസ്റ്റേറ്റിൽ വെച്ച കൂട്ടിൽ പുലി കുടുങ്ങിയെങ്കിലും നാടിന്റെ ആശങ്ക തീരുന്നില്ല. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ 15 ദിവസമായിട്ടും കണ്ടെത്താനായില്ല എന്നതാണ് അടക്കാകുണ്ടിൽ പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി കൽക്കുണ്ട് ചേരിയിൽ മാധവന്റെ വളർത്തുനായെ അജ്ഞാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തി. ഇതോടെ കടുവക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ഉറപ്പിച്ചിരിക്കുകയാണ്.
അതേസമയം, കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്. വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർ.ആർ.ടി സംഘങ്ങളെ കൂടാതെ, ലൈവ് സ്ട്രീമിങ് കാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ, ഒരു കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ എന്നിവരുൾപ്പെടെയുള്ള വലിയ സംഘത്തെ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. റാവുത്തൻകാട്ടിൽ ആളെക്കൊന്ന് കേരള എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങിയ കടുവ മറ്റെവിടെയും പോയിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ഈ മാസം 15നാണ് കാളികാവിൽ ടാപ്പിങ് തൊഴിലാളിയായ കല്ലാമൂല കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്നത്. ഇതോടെ കടുവയെ പിടികൂടാൻ പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർ.ആർ.ടി സംഘങ്ങളെ നിയോഗിക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.