കാളികാവ്: കാളികാവ് ടൗണിലും പരിസരങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടം. മലഞ്ചരക്ക് സംഭരണ സ്ഥാപനത്തിൽനിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ചെങ്കോട്ടെ കുന്താനം ജോപ്പു ജോസിന്റെ ഉടമസ്ഥതയിലുള്ള മലബാർ മർച്ചൻറ് എന്ന സ്ഥാപനത്തിലെ ഗോഡൗണിൽനിന്ന് വിവിധഘട്ടങ്ങളിലായി രണ്ട് ലക്ഷത്തോളം രൂപയുടെ ജാതിക്കയും പൂവുമാണ് മോഷ്ടിച്ചത്.
ഈ മാസം ഏഴിനാണ് അവസാനമായി മോഷണം നടന്നത്. മോഷണം പതിവായതോടെ വ്യാപാരി സി.സി.ടി.വി കാമറ സ്ഥാപിച്ചു. തുടർന്ന് മോഷ്ടാവിന്റെ ചിത്രം കാമറയിൽ പതിഞ്ഞു. മോഷ്ടാവ് മതിൽ ചാടി വരുന്നതും ആളെ തിരിച്ചറിയുന്ന രൂപത്തിലുള്ള ക്യാമറ ദൃശ്യവും കിട്ടി. എന്നാൽ പിടികൂടാനായില്ല. കാലങ്ങളായി പ്രോസസിങ് കഴിഞ്ഞ് പാക്കിലാക്കിയ വസ്തുക്കളാണ് ഇടക്കിടെ കാണാതായത്.
ജാതിക്കയും പൂവും മോഷ്ടിച്ച് കൊണ്ടു പോകുന്നത് വ്യക്തമായി സി.സി.ടി.വി ദൃശ്യത്തിലുണ്ട്. തൊട്ടടുത്ത പ്രദേശത്തുകാരൻ തന്നെയാണ് മോഷ്ടാവെന്ന് ദൃശ്യത്തിൽ വ്യക്തമായിട്ടും പൊലീസിന് പിടിക്കാനാകുന്നില്ലെന്ന് വ്യാപാരി പറയുന്നു. സംഭവത്തിൽ വ്യാപാരി കാളികാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കർഷകരിൽനിന്ന് ജാതിക്ക ശേഖരിച്ച് പൂവും പരിപ്പും സംസ്കരിച്ച് കയറ്റി അയക്കുന്ന ബിസിനസാണ് ജോപ്പുവിന്. സംസ്കരിച്ച ജാതിപ്പൂവിന് കിലോക്ക് മൂവ്വായിരത്തോളം രൂപ വിലയുണ്ട്. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.