ടാപ്പിങ് മുടങ്ങിയ പാറശ്ശേരിയിലെ ചെറുകിട റബർ തോട്ടങ്ങളിലൊന്ന്
കാളികാവ്: കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടതോടെ മലയോരത്തെ റബർ എസ്റ്റേറ്റുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കടുവ ഭയം കാരണം പലയിടത്തും ടാപ്പിങ് നടത്താനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ റബർ എസ്റ്റേറ്റിൽ കല്ലാമൂല കവളപറമ്പിൽ ഗഫൂർ അലി കടുവ ആക്രമത്തിൽ കൊല്ലപ്പെട്ടത്.
സംഭവം പുറത്തുവന്നതോടെ വെള്ളിയാഴ്ച മുതൽ പരിസരങ്ങളിലെ റബർ തോട്ടങ്ങളിലെല്ലാം ഉൽപാദനം നിർത്തിയിരിക്കുകയാണ്. വേനലിൽ നിർത്തിവെച്ച ടാപ്പിങ് വേനൽമഴക്കിടയിലും ചെറിയ തോതിൽ ടാപ്പിങ് പുനരാരംഭിച്ചിരുന്നു.
കാലവർഷം തുടങ്ങും മുമ്പേ റബർ ടാപ്പിങ്ങിനായി റൈൻ ഗാർഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ചെറുകിട തോട്ട ഉടമകളും തൊഴിലാളികളും. വൻകിട എസ്റ്റേറ്റുകളിൽ ഏറെക്കുറെ റെയിൻ ഗാർഡ് സ്ഥാപിച്ചിരുന്നു.
ഇതിനിടയിലാണ് കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെടുന്നത്. ഇതോടെ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡിങ് നടത്തുന്നതും നിർത്തിവെക്കേണ്ടി വന്നു. ഇപ്പോൾ റെയിൻ ഗാർഡിങ് നടത്തിയാൽ മാത്രമേ മഴക്കാലത്ത് ടാപ്പിങ് നടത്താനാവൂ.
റെയിൻ ഗാർഡ് നടത്തിയ വൻകിട തോട്ടങ്ങളിൽ പോലും ഭാഗികമായാണ് ടാപ്പിങ് നടക്കുന്നത്. റബർ ഉൽപാദനം നിലച്ചത് തൊഴിലാളികളെ ദുരിതത്തിലാക്കി. തൊഴിലില്ലാതെ പല ടാപ്പിങ് തൊഴിലാളി കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട റബർ കർഷകരും കടുത്ത പ്രതിസന്ധിയിലാണ്.
വിദ്യാലയങ്ങൾ തുറക്കുന്ന ഘട്ടത്തിൽ സാമ്പത്തികപ്രതിസന്ധി തൊഴിലാളികളെ കൂടുതൽ വലക്കും. ഉൽപാദനം നിലച്ച റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സഹായ പാക്കേജ് അടക്കമുള്ള നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് തൊഴിലാളികളും ചെറുകിട കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.