ഫർഹാൻ ബസുകളുടെ വിഡിയോ എടുക്കുന്നു. (ഇൻസൈറ്റിൽ ഫർഹാൻ)
കാളികാവ്: നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ബസുകൾ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്ന വേറിട്ട ബസ് പ്രണയവുമായി മുഹമ്മദ് ഫർഹാൻ. farhanvk81 എന്ന ഇൻസ്റ്റ ഗ്രാം ഐഡിയിൽ കണ്ണോടിച്ചാൽ ബസുകളുടെ വീഡിയോയും ഫോട്ടോയും നിറഞ്ഞ പോസ്റ്റുകൾ. നീലാഞ്ചേരി സ്വദേശിയായ വി.കെ. ഫർഹാൻ എന്ന വിദ്യാർഥി കഴിഞ്ഞ വർഷമാണ് ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയത്. ചെറുപ്പത്തിലേ ബസുകളോട് വല്ലാത്ത താൽപര്യമായിരുന്നു ഫർഹാന്.
ബസിൽ കയറുന്നതും യാത്ര ചെയ്യുന്നതും ഏറെ കൗതുകമായിരുന്നു. കഴിഞ്ഞ വർഷം സ്മാർട്ട് ഫോൺ ലഭിച്ചതോടെ ബസുകളുടെ ഫോട്ടോയും വിഡിയോകളും എടുക്കൽ ഹോബിയായി. അത് പിന്നീട് ഫോട്ടോകളും റീലുകളായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ലൈൻ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, മിനിബസുകൾ... ബസ് പ്രണയത്തിൽ ഫർഹാന് വിവേചനമൊന്നുമില്ല. എല്ലാം ഏറെ ഇഷ്ടം.
ഒന്നര വർഷംകൊണ്ട് ഫർഹാൻ ഇൻസ്റ്റഗ്രാമിൽ ചെയ്ത പോസ്റ്റുകളുടെ എണ്ണം 28,600. രാവിലെ കാളികാവ് ജങ്ഷനിലെത്തുന്ന ഫർഹാൻ ഓരോ ബസും ഷൂട്ട് ചെയ്ത് ഇൻസ്റ്റയിലിടും. ഒരു ദിവസം നൂറ് പോസ്റ്റ് വരെ ചെയ്യുമെന്ന് ഫർഹാൻ പറയുന്നു. ഇടക്ക് വണ്ടൂർ ബസ് സ്റ്റാൻഡിലെത്തിയും ഷൂട്ടിങ്ങ് നടത്തും. പിന്നെ നേരെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യും. എല്ലാ ദിവസവും ബസുകളുടെ വിഡിയോ എടുക്കുന്നത് ശീലമാക്കിയ ഫർഹാൻ ചെറിയ രീതിയിൽ ടൂർ ഓപറേറ്ററുടെ സേവനവും ചെയ്യുന്നുണ്ട്. പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി കോച്ചിങ്ങിന് ഫോകുന്ന ഫർഹാന് ഉമ്മയും ഒരു സഹോദരിയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.