കാളികാവ്: വന്യജീവി ആക്രമണം വർധിച്ചതോടെ മലയോരത്തുനിന്ന് കർഷകർ വ്യാപകമായി കുടിയിറങ്ങുന്നു. 10 വർഷത്തിനിടെ മലയോരത്തെ നിരവധി കർഷകർ കൃഷി ഉപേക്ഷിക്കുകയോ കുടിയിറങ്ങുകയോ ചെയ്തു. കാളികാവ്, ചോക്കാട് അടക്കമുള്ള വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ കിട്ടുന്ന വിലക്ക് ഭൂമി വിറ്റ് പലരും കൃഷിഭൂമി ഉപേക്ഷിച്ച് പോവുകയാണ്.
ഉൽപാദനകുറവ് കൃഷിയേയും ബാധിച്ചു. ഇതിനുപുറമെ വനനിയമങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൈലന്റ് വാലി ബഫർ സോണിന്റെ പരിസരത്തെ കുടിയേറ്റക്കാരാണ് കൃഷിയും മണ്ണും ഉപേക്ഷിച്ചവരിൽ അധികവും. റബർ, ഏലം, കുരുമുളക് തുടങ്ങിയവയാണ് മലയോരത്തെ പ്രധാന വരുമാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കിഴക്കൻ മേഖലയിൽ വ്യാപകമായി തെക്കൻ ജില്ലകളിൽ നിന്നുള്ളവരുടെ കുടിയേറ്റം നടന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി നശിച്ചാൽ കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നതും കൃഷി ഉപേക്ഷിക്കാൻ കാരണമായി. കൃഷിമേഖലയിൽ നല്ല ജനവാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വൻതോതിൽ കുറവുവന്നു. അടക്കാകുണ്ട് എഴുപതേക്കർ ഭാഗത്തുനിന്നും മറ്റു മലവാരങ്ങളിൽ നിന്നുമെല്ലാം നിരവധി കുടിയേറ്റ കർഷകർ കൃഷി ഉപേക്ഷിച്ച് വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും കർണാടകയിലുമൊക്കെയാണ് ഇപ്പോൾ കൃഷി നടത്തുന്നത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയതും പിൻമാറ്റത്തിനു കാരണമായി.
കാട്ടാന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയവയുടെ ആക്രമണത്തിൽ ജീവഹാനി നേരിട്ടവർ ഏറെയാണ്. ഗൾഫ് കുടിയേറ്റത്തിന് മുമ്പ് നാടിന് അന്നവും ആത്മബോധവും നൽകിയ കുടിയേറ്റ കർഷകർ സംരക്ഷകരില്ലാത്ത അവസ്ഥയിലാണിപ്പോൾ. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റികളുടെ ശിപാർശകളിൽ പിടിച്ച് സർക്കാറുകൾ വനവത്കരണ നടപടികൾ ശക്തമാക്കിയത് കർഷകരെ ദോഷകരമായി ബാദിച്ചിരുന്നു.
കുടിയിറക്കം ശക്തമായതോടെ മിക്ക മലയോര ഗ്രാമങ്ങളിലും കടുത്ത സാമ്പത്തിക മാന്ദ്യം പ്രകടമാണ്. കടുവ ആക്രമണത്തോടെ തോട്ടങ്ങളിൽ ടാപ്പിങ് നിർത്തി വെക്കേണ്ട സാഹചര്യം വന്നതും കർഷകരെ വലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.